d
റസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനാചരണത്തിൽ പ്രമുഖ ഗാന്ധിയൻ നോമ്പർട്ട് അടിമുറി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു

കൊച്ചി: മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം സമുചിതമായി ആചരിച്ച് ജില്ല. രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ഇതര സംഘടനകളുടെയും ക്ലബ്ബുകളുടെയും വായനശാലകളുടെയുമെല്ലാം നേതൃത്വത്തിലാണ് ജില്ലയിലെമ്പാടും ഗാന്ധി ജയന്തി ദിനം ആചരിച്ചത്.

നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം
രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി പ്രതിമയിൽ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജില്ലാ ട്രഷറർ സൈനബ പൊന്നാരി മംഗലവും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന് ബി.ടി.എച്ച് ഹോട്ടലിൽ 'ഗാന്ധിജിയിലേക്ക് മടങ്ങു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കും ' എന്ന സന്ദേശം ഉയർത്തി നടത്തിയ സമ്മേളനം സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമ ഹൈബി ഈഡൻ എം.പി അനാച്ഛാദനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി പഞ്ചായത്തിലെ മുതിർന്ന പൗരൻമാരുടെ സംഗമവും കലാപരിപാടികളും അരങ്ങേറി. ഗ്രാമപഞ്ചായത്തിലെ ജനസേവന കേന്ദ്രവും എം.പി തുറന്നു കൊടുത്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ. സലീം, ഓമന ശിവശങ്കരൻ, കെ.എസ്. താരാനാഥ്, പഞ്ചായത്ത് അംഗങ്ങളായ ട്രീസാ മോളി, വി.കെ.ശിവൻ, കെ. എം.മുഹമ്മദ് അൻവർ, കെ.എൻ. രാജീവ്, ആർ.ശ്രീരാജ്, എം.കെ. ബാബു, ഉഷാ ദാസൻ തുടങ്ങിയവർ സംബന്ധിച്ചു.


 റോട്ടറി കൊച്ചിൻ മിഡ്ടൗണിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഉദയനഗർ, കമ്മട്ടിപ്പാടം എന്നിവടങ്ങളിലായി നടന്ന ശുചീകരണ പരിപാടി ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെന്റ് ആൽബർടസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളന്റിയർമാരും ശുചീകരണയജ്ഞത്തിൽ പങ്കെടുത്തു.


റസിഡന്റസ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു. രാവിലെ രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗാന്ധിയൻ നോബർട്ട് അടിമുറി ഉദ്ഘാടനം ചെയ്തു.