cheriapally
ചെറിയ പള്ളിയിലേക്കുള്ള ഹൈറേഞ്ച് മേഖലാ കാൽനട തീർത്ഥാടക സംഘം കോതമംഗലത്ത് എത്തിയപ്പോൾ

കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാളിന് വൻ ഭക്തജനത്തിരക്ക്. പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളാണ് ആഘോഷിക്കുന്നത്. രാവിലെ വി. മൂന്നിൻമേൽ കുർബാനക്ക് മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. വൈകുന്നേരത്തോടെ വിവിധ പ്രദേശങ്ങളിൽ നിന്നുളള കാൽനട തീർത്ഥാടക സംഘങ്ങളെത്തി. തീർത്ഥാടക സംഘങ്ങൾക്ക് വിവിധ ഇടങ്ങളിൽ സ്വീകരണം നൽകി. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലെത്തിയ ഹൈറേഞ്ച് മേഖലാ തീർത്ഥാടക സംഘത്തെ

ചെറിയപള്ളിയിലെ വൈദികരുടേയും മാനേജിംഗ് കമ്മിറ്റിയുടെയുംഡീൻ കുര്യാക്കോസ് എം.പി ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

സന്ധ്യാ നമസ്‌കാരത്തിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശിക്കുന്നതിനും കബറിടം വണങ്ങുന്നതിനും സൗകര്യങ്ങൾ ഉറപ്പാക്കിയിരുന്നു. ടൗണിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തി. നേർച്ചകഞ്ഞി വിതരണം ചെയ്തു.

ഇന്ന് രാവിലെ രാവിലെ 5.30 നുള്ള വി.കുർബാനയ്ക്ക് എബ്രാഹം മാർ സേവേറിയോസ് മെത്രാപ്പോലീത്തയും ഏഴിനുള്ള വി. കുർബാനക്ക് തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയും 8.30നുള്ള വി. കുർബാനക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയും കാർമ്മികത്വം വഹിക്കും. 10.30ന് നേർച്ച സദ്യ ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചക്കാലക്കുടി ചാപ്പലിലേക്ക് പ്രദക്ഷിണം നടത്തും. നാളെയാണ് പെരുന്നാളിന് കൊടിയിറങ്ങുന്നത്.