പറവൂർ: സരസ്വതി ദേവിയെ തൊഴുത് അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആയിരത്തിലേറെ കുരുന്നുകളെത്തി. ദേവീ സന്നിധിയിൽ ഗുരുക്കന്മാരിൽ നിന്ന് നാവിൻതുമ്പിൽ ഹരിശ്രീ ഏറ്റുവാങ്ങിയും അരിമണികളിൽ ആദ്യക്ഷരമെഴുതിയും കുട്ടികൾ അറിവിന്റെ മധുരം നുണഞ്ഞു.
പുലർച്ചെ വിവിധ പൂജകൾക്കു ശേഷം ദേവീചൈതന്യം ശ്രീകോവിലിൽ നിന്ന് നാലമ്പലത്തിന് പുറത്ത് വിദ്യാരംഭ മണ്ഡപത്തിലേക്ക് ക്ഷേത്രം മേൽശാന്തി കെ.ബി. അജിത്കുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ എഴുന്നള്ളിച്ചതിന് ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഭദ്രദീപം കൊളുത്തി വിദ്യാരംഭത്തിന് തുടക്കംകുറിച്ചു. മേൽശാന്തിയും കീഴ്ശാന്തിയുമടക്കം 20 ഗുരുക്കന്മാരിൽ നിന്നായി 1,117 കുരുന്നുകൾ ഹരിശ്രീ കുറിച്ചു. ക്ഷേത്രമുറ്റത്ത് മണൽതരികളിൽ കുട്ടികളും മുതിർന്നവരും അക്ഷരമെഴുതി വിദ്യാദേവീയുടെ ചൈതന്യം മനസിൽ ഉറപ്പിച്ചു.
ക്ഷേത്രം തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഒമ്പത് ദിവസമായി നടന്നുവന്ന കളഭാഭിഷേകത്തിനും ഉച്ചപൂജയ്ക്കും ശേഷം നടയടച്ചു. ദേവീദർശനത്തിന് ശേഷം വൈകിട്ട് നാലോടെ വീണ്ടും നടതുറന്നു. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് ദേവിയുടെ പ്രധാന വഴിപാടായ കഷായനിവേദ്യ വിതരണത്തിനു ശേഷം നവരാത്രി മഹോത്സവം സമാപിച്ചു.
സരസ്വതി മണ്ഡപത്തിൽ സംഗീതാർച്ചന, സംഗീതക്കച്ചേരി, വയലിൻ അർച്ചന, ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, കാവടി ചിന്ത്, തിരുവാതിരകളി, സോപാന സംഗീതാർച്ചന, ഇടയ്ക്ക കച്ചേരി, വയലിൻസോളോ, ഭക്തിഗാനമേള എന്നിവ അരങ്ങേറി.