തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബറിലെ മീനിറക്ക് വിഭാഗം തൊഴിലാളികളുടെ കൂലി തർക്കത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. ബുധനാഴ്ച ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിലാണ് പരിഹാരമായത്. ഇതോടെ ഹാർബർ പ്രവർത്തനം ഇന്നലെ സാധാരണ പോലെ നടന്നു. തർക്ക വിഷയത്തിലിരിക്കുന്ന വേതനത്തിന്റെ 62.5 ശതമാനം ആറാംതീയതി നൽകുവാൻ യോഗത്തിൽ ധാരണയായി. ഇന്നലെ മുതലുള്ള വേതനം തുടർചർച്ചയിലെ ഒത്തുതീർപ്പിന് വിധേയമായാകും നൽകുക. തൊഴിലുടമകളായ ബോട്ടുടമകൾ ഉന്നയിച്ച നോക്കുകൂലി പ്രശ്നം ജില്ലാ ലേബർ ഓഫീസർ അന്വേഷിച്ച് തീരുമാനമെടുക്കും.
അതേസമയം കഴിഞ്ഞ 14വർഷമായി രണ്ട് ശതമാനമാണ് വേതനം ലഭിക്കുന്നതെന്നും ഓഗസ്റ്റ് 23 മുതൽ സെപ്തംബർ 29 വരെയുള്ള വേതനത്തിന്റെ 62.5 ശതമാനം നൽകാമെന്ന് തൊഴിലുടമ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ പുനരാരംഭിക്കുന്നതെന്നും തൊഴിലുടമ ഉന്നയിച്ച നോക്കുകൂലി സമ്പ്രദായം അംഗീകരിക്കുന്നില്ലെന്നും തൊഴിലാളി യൂണിയൻ നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. സി.ഐ.ടി.യു യൂണിയൻ വാദം ബോട്ടുടമകൾ അംഗീകരിക്കില്ലെങ്കിലും ലേബർ ഓഫീസറുടെ അഭ്യർത്ഥന മാനിക്കുകയാണെന്നും ബോട്ടുടമകളും യോഗത്തിൽ അറിയിച്ചു.
ബോട്ടുടമകൾക്കുവേണ്ടി സിബി പുന്നൂസ്, എ.പി. റോയ്, തൊഴിലാളി യൂണിയനുകൾക്കുവേണ്ടി കെ.എം. റിയാദ്, ബെനഡിക്റ്റ് ഫെർണാണ്ടസ്, വി.എം യൂസഫ്, ആർ.ഐ. അക്ബർ, പി.കെ. റഷിമോൻ എന്നിവരും പങ്കെടുത്തു.
അടുത്ത ചർച്ച പത്താംതീയതി വൈകിട്ട് മൂന്നിന് നടക്കും. വിഷയത്തിൽ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി എന്നിവർ ഇടപെട്ടതായാണ് വിവരം.
ഒരു മാസംമുമ്പ് ഇതേ വിഷയത്തിൽ ഹാർബർ സ്തംഭിച്ചിരുന്നു. പിന്നീട് ഹാർബർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്ന് ഹാർബർ തുറക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച വീണ്ടും കൂലിത്തർക്കത്തെ തുടർന്ന് പേഴ്സീൻനെറ്റ് ബോട്ടിലെ മീനിറക്കാൻ തൊഴിലാളികൾ തയ്യാറാകാതിരുന്നത് വീണ്ടും പ്രശ്നത്തിന് കാരണമാകുകയായിരുന്നു. നോക്കുകൂലി ശതമാനക്കണക്കിൽ നൽകേണ്ടതില്ലെന്നും ഹാർബറിലെ മറ്റ് വിഭാഗം തൊഴിലാളികൾക്കെല്ലാം കൂലിയാണ് നൽകുന്നതെന്നുമാണ് ബോട്ടുടമകൾ ചൂണ്ടി ക്കാട്ടുന്നത്. ഹാർബർ പ്രശ്നത്തിൽ പേഴ്സിൻനെറ്റ് ബോട്ട് തൊഴിലാളി യൂണിയൻ ഹാർബർ വളയൽ ഉൾപ്പെടെയുള്ള സമരം തീരുമാനിച്ച സാഹചര്യത്തിൽ വിഷയം കൂടുതൽ സങ്കീർണമാകുമെന്ന ആശങ്കയിലാണ് അവധി ദിനമായിട്ടുകൂടി ജില്ലാ ലേബർ ഓഫീസർ അനുരഞ്ജനയോഗം വിളിച്ചുചേർത്തത്.