കൊച്ചി: വിജയദശമി ദിനത്തിൽ കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധർമ്മപ്രബോധിനി സഭയും സംയുക്തമായി ഗുരുവരമഠത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾ വിദ്യാദേവതയെ വണങ്ങി അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ശ്രീനാരായണ ഗുരുദേവന്റെ അദൃശ്യസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ഗുരുവരമഠത്തിലെ വിദ്യാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്ത കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണർ പി. രാജ്കുമാർ, കേരള സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ്, ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, ചിന്മയമിഷൻ ചീഫ് അക്കാഡമിക് കോ ഓർഡിനേറ്റർ ഡോ. ലീലാ രാമമൂർത്തി, ഗുരുവരമഠം രക്ഷാധികാരിയും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ എൻ.എൻ. സുഗുണപാലൻ എന്നിവർ തളികയിലെ അരിയിൽ കുഞ്ഞുങ്ങളെ ഹരിശ്രീ എഴുതിച്ചു.

കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ, കേരളകൗമുദി ഏജന്റ് വി.ടി. ജോഷി കുമ്പളങ്ങി, ഗുരുവരമഠം പ്രസിഡന്റ് എം.എസ്. സജീവൻ, വൈസ് പ്രസിഡന്റ് വി.വി. സുധീർ, എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ കൗൺസിലർ ഇ.വി. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.