vrischi
വൃശ്ചികോത്സവം

• തൃശൂരി​ൽ ആലോചനാ യോഗം ഇന്ന്

കൊച്ചി: ഉപദേശക സമിതി അംഗങ്ങളുടെ കൂട്ടരാജി, പരിപാടികൾ നിശ്ചയിക്കുന്നതിലെ ബാഹ്യഇടപെടലുകൾ എന്നിവയാൽ അനിശ്ചിതത്വത്തിലായ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ വഴിയൊരുങ്ങി. ഇതുസംബന്ധിച്ച നിർണായക യോഗം ഇന്ന് രാവിലെ 10ന് തൃശൂരിലെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരും. ആരോഗ്യകാരണങ്ങളാൽ അവധിയിലായിരുന്ന പ്രസിഡന്റ് ഈ പ്രശ്നം പരിഹരിക്കാനായാണ് യോഗത്തിനെത്തുന്നത്.

സ്പെഷ്യൽ കമ്മിഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി​. ബിന്ദു, ബോർഡ് അംഗങ്ങളായ അഡ്വ.കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു എന്നിവരും തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള, ദേവസ്വം ഓഫീസർ ആർ. രഘുരാമൻ, ഉപദേശക സമിതി പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി​ മുരളീധരൻ തുടങ്ങിയവരും പങ്കെടുക്കും.

ഒന്നാം തീയതി ഉച്ചയ്‌ക്ക് തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉപദേശക സമിതിയംഗങ്ങളുടെയും ഉത്സവാഘോഷ കമ്മിറ്റിയംഗങ്ങളുടെയും യോഗത്തിന്റെ തുടർച്ചയാണ് ഇന്നത്തെ യോഗം. രണ്ടു കോടിയോളം രൂപ ചെലവുവരുന്ന, ആചാരാനുഷ്ഠാന പ്രധാനമായ വൃശ്ചികോത്സവം ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തണമെന്നായിരുന്നു പൊതുവേ ഉയർന്ന അഭിപ്രായം.

19 അംഗ ഉപദേശക സമിതിയിൽ ഇപ്പോൾ അവശേഷിക്കുന്ന 9 പേരുൾപ്പെടെ 25ഓളം പേർ യോഗത്തി​ൽ പങ്കെടുത്തു. ജോ. സെക്രട്ടറി അജി​ത് സുന്ദർ ഉൾപ്പെടെ രാജിവച്ചവരാരും എത്തിയില്ല. ഫി​നാൻസ് കമ്മി​റ്റി​യംഗങ്ങളി​ൽ ഒരാളൊഴി​കെ എല്ലാവരും പങ്കെടുത്തു. അവശേഷിക്കുന്നവരെ വച്ച് ഉത്സവം നടത്തുന്ന കാര്യമാണ് ബോർഡ് അംഗങ്ങൾ മുന്നോട്ടുവച്ചത്. എന്നാൽ പരസ്പരം പോരടി​ക്കുന്ന കമ്മി​റ്റി​ക്ക് ഉത്സവം നടത്താനുള്ള പ്രാപ്തി​യി​ല്ലെന്നും അഭി​പ്രായമുയർന്നു. ദേവസ്വം ഏറ്റെടുക്കുന്നതാണ് ഉചി​തമെന്ന് സംസാരി​ച്ച 15ഓളം പേർ അഭി​പ്രായപ്പെട്ടു. പി​ന്നീട് സമി​തി​യംഗങ്ങളും ഈ നി​ർദേശത്തെ പി​ന്തുണച്ചു. പി​രി​ച്ചെടുത്ത തുക പൂർണമായും ബാങ്കി​ൽ അടച്ചി​ട്ടി​ല്ലെന്ന ഗുരുതരമായ ആരോപണവും ഫി​നാൻസ് കമ്മി​റ്റി​യംഗം ഉന്നയി​ച്ചു.

ഇന്നലെയും ഉത്സവനടത്തി​പ്പി​നെക്കുറി​ച്ച് ആലോചി​ക്കാൻ ദേവസ്വം ബോർഡ് അംഗങ്ങൾ വി​വി​ധതലങ്ങളി​ൽ ചർച്ച നടത്തി​യി​രുന്നു. നവംബർ 19 മുതൽ 26 വരെയാണ് വൃശ്ചി​കോത്സവം. സമി​തി​ ഉത്സവത്തി​ന് പി​രി​ക്കുന്ന ഫണ്ടി​ന്റെ 25 ശതമാനം റി​സർവ്വ് ഫണ്ടി​ലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാൽ ദേവസ്വം നേരി​ട്ട് നടത്തുമ്പോൾ ഈ പരി​മി​തി​യി​ല്ല.