police

അങ്കമാലി: ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. അങ്കമാലി മൂക്കന്നൂർ പുതുശ്ശേരി വീട്ടിൽ ജിനുവിനെയാണ് (44) കുറ്റിപ്പുറത്ത് നിന്ന് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

ശ്രീമൂലനഗരം സ്വദേശിനി റിയയ്ക്കാണ് (36) കുത്തേറ്റത്. റിയ ഭർത്താവ് ജിനുവുമായി വേർപിരിഞ്ഞു കഴിയുകയാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്.

ഇറ്റലിയിൽ ജോലി നോക്കുന്ന റിയ ഏതാനും ദിവസത്തെ ലീവിന് നാട്ടിലെത്തിയതായിരുന്നു. കോടതിയുടെ അനുമതിയോടെ ചൊവ്വാഴ്ച മക്കളെ കാണാൻ മൂക്കന്നൂരിലെത്തിയ ജിനു കത്തി കൊണ്ട് റിയയെ കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10ഓടെ മൂക്കന്നൂർ ഫൊറോന പള്ളിക്ക് പിന്നിലുള്ള കാളാർകുഴി റോഡിൽ വച്ചാണ് ആക്രമണം. റിയയുടെ കഴുത്തിലും വയറിലും തോളിനും കുത്തേറ്റു. സംഭവത്തിനുശേഷം ജിനു സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. റിയ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്.