a

ചോറ്റാനിക്കര: മൂവാറ്റുപുഴ ആറിൽ കുളിക്കാനിറങ്ങിയ മൂന്നംഗസംഘത്തിലെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. മറ്റൊരാളെ കാണാതായി. കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരനായ ചോറ്റാനിക്കര എരുവേലി ഞാറ്റുംകാലായിൽ ഏലിയാസിന്റെ മകൻ ആൽബിൻ ഏലിയാസാണ് (22) മരിച്ചത്, വയനാട് ഇടിഗുനിവ‌ീട്ടിൽ നാരായണന്റെ മകൻ അർജുനനെയാണ് ( 22) കാണാതായത്.

ഫോർട്ടുകൊച്ചി സ്വദേശി സൂരജിനൊപ്പം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരും രാമമംഗലം ക്ഷേത്രക്കടവിലെ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപ്പെട്ട അർജുനനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആൽബിനും അപകടത്തിൽപ്പെട്ടു . സൂരജിന്റെ നിലവിളികേട്ട് നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. പൊലീസും ഫയർഫോഴ്സ് സ്കൂബാ ടീമും നടത്തിയ തെരച്ചിലിൽ ആൽബിന്റെ മൃതദേഹം കണ്ടെത്തി. അർജ്ജുനനെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനം ഇന്നും തുടരും.

മൂന്നുപേരും മൂവാറ്റുപുഴ ഇലാഹിയ എൻജിനിയറിംഗ് കോളേജിലെ ബി.ടെക് വിദ്യാർത്ഥികളായിരുന്നു. കഴിഞ്ഞ 30നായിരുന്നു ഗ്രാജ്വുവേഷൻ സെറിമണി.

അവധിദിനം ആഘോഷിക്കാനാണ് രാമമംഗലത്ത് എത്തിയത്. പഠനത്തിനുശേഷം ആൽബിൻ കാക്കനാട് കെ.എസ്.ഇ.ബിയിൽ കരാർ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചിരുന്നു. പിറവത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: സോയ, സഹോദരൻ: അലൻ.