കൊച്ചി: ഇടപ്പള്ളിക്ക് സമീപം ചെന്നൈ മെയിലിന് കല്ലെറിഞ്ഞവരെ റെയിൽവേ പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരും പ്രായപൂർത്തിയാകാത്തവരാണ്. സെപ്തംബർ 24ന് രാത്രി 7.50നുണ്ടായ കല്ലേറിൽ പറവൂർ അഗ്നിരക്ഷാനിലയത്തിലെ ഫയർ ഓഫീസർ എസ്.എസ്. രഞ്ജിത്തിന് തലയ്ക്ക് പരിക്കേറ്റിരുന്നു.
റെയിൽവേ പൊലീസിന്റെ ഡാൻസാഫ് സംഘം എച്ച്.എം.ടി പാലത്തിന് സമീപം സി.സി ടിവി ക്യാമറകൾ പരിശോധിച്ചാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഇരുവരും മഞ്ഞ ജഴ്സി ധരിച്ച് സൈക്കിളിൽ പോകുന്ന ദൃശ്യങ്ങൾ കിട്ടി. തുടർന്ന് പരിസര പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ ഇവരാണ് കല്ലെറിഞ്ഞതെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. കുട്ടികളുമായി എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിലെത്താൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചു.
ഇടപ്പള്ളിക്കും കളമശേരിക്കും ഇടയിലാണ് കല്ലേറുണ്ടായത്. പിന്നിലെ ജനറൽ കോച്ചിന്റെ ജനാലയ്ക്കടുത്ത സീറ്റിലിരുന്ന് യാത്രചെയ്യുമ്പോഴായിരുന്നു കല്ലേറുണ്ടായത്. ട്രാക്കിൽ കിടന്ന മെറ്റലാണ് എറിയാൻ ഉപയോഗിച്ചത്. ജനാലക്കമ്പിയിൽ തട്ടിത്തെറിച്ച് തലയിൽ പതിച്ചതിനാലാണ് യാത്രക്കാരന് കൂടുതൽ ആഘാതം ഏൽക്കാതിരുന്നത്.