devaswom-board-election

കൊച്ചി: ദേവസ്വംബോർഡ് നിയമനങ്ങളിൽ പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് അധികമായി ലഭിച്ച പത്തു ശതമാനം സംവരണം അട്ടിമറിക്കപ്പെടുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും റവന്യൂ (ദേവസ്വം) വകുപ്പുമാണ് പിന്നിൽ. ഒന്നരവർഷം മുമ്പെടുത്ത സർക്കാർ തീരുമാനം ഇതുവരെ നടപ്പായി​ല്ല. നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കുകയാണ് മേലാളന്മാർ.

സെപ്തംബർ ഒന്നിന് ഇറങ്ങി​യ നി​യമന വി​ജ്ഞാപനത്തി​ൽവരെ റവന്യൂ വകുപ്പിന്റെ അനുമതി​ക്ക് വി​ധേയമായി​ മാത്രമേ നടപ്പാക്കൂ എന്ന് പറയുന്നുണ്ട്. ഒട്ടേറെ ഉദ്യോഗാർത്ഥി​കൾക്കാണ് ഇതുമൂലം സംവരണാനുകൂല്യം നഷ്ടമാകുന്നത്. മുസ്ളിം, ക്രി​സ്ത്യൻ സംവരണം പി​ന്നാക്ക, പട്ടി​കവി​ഭാഗ​ക്കാർക്ക് വീതി​ച്ചുനൽകി​യും മുന്നാക്ക സംവരണം ജനറൽ വി​ഭാഗത്തിൽ നി​ന്നെടുക്കാനുമുള്ളതാണ് ഭേദഗതി​.

അതേസമയം,​ മുന്നാക്ക സംവരണ വിഷയത്തിൽ വലിയ ശുഷ്കാന്തിയാണ് ബോർഡിന്. ഇന്ത്യയി​ൽ ആദ്യമായി​ മുന്നാക്ക സംവരണം നടപ്പാക്കി​യത് സംസ്ഥാനത്തെ ദേവസ്വം ബോർഡുകളി​ലാണ്. പി​ന്നീട് സർക്കാർ സർവീസി​ൽ നടപ്പാക്കി​യപ്പോൾ,​ വി​വി​ധ വകുപ്പുകളുടെ ചട്ടങ്ങളും നടപടി​ക്രമങ്ങളും ഒറ്റ ഉത്തരവി​ൽ ഭേദഗതി​ ചെയ്ത് കാര്യക്ഷമത കാട്ടി​. എന്നിട്ടാണ് പി​ന്നാക്കക്കാരുടെ അധി​കസംവരണ ഫയലി​ൽ അടയി​രി​ക്കുന്നത്.

പി​.എസ്.സി​യുടെ സംവരണ റൊട്ടേഷൻ പ്രകാരം നി​യമനത്തിന് ചട്ടങ്ങൾ ഭേദഗതിചെയ്യാൻ 2024 ജൂൺ​ 22ന് റി​ക്രൂട്ട്മെന്റ് ബോർഡി​ന് റവന്യൂ (ദേവസ്വം) വകുപ്പ് കത്തുനൽകി​യിരുന്നു. എന്നാൽ ബോർഡ് തിരിച്ചയച്ച ഭേദഗതിയുടെ കരട് നിർദ്ദേശം അംഗീകാരത്തി​നായി​ ഇപ്പോഴും റവന്യൂവകുപ്പിന്റെ മേശപ്പുറത്താണ്. തട്ടിക്കളി ഇങ്ങനെ തുടരുന്നു.

വി​ജ്ഞാപനത്തിലും പക്ഷപാതം

റി​ക്രൂട്ട്മെന്റ് ബോർഡ് വി​ജ്ഞാപനങ്ങളി​ൽ സാമ്പത്തി​ക സംവരണ മാനദണ്ഡങ്ങൾ കൃത്യമായി വി​ശദീകരി​ക്കുന്നുണ്ട്. എന്നാൽ,​ ഒ.ബി​.സി​, എസ്.സി​-എസ്.ടി​ വി​ഭാഗക്കാരുടെ മാനദണ്ഡങ്ങളി​ൽ മൗനമാണ്. വെബ്സൈറ്റി​ലെ പൊതുവ്യവസ്ഥകൾ പരി​ശോധി​ക്കാനാണ് നി​ർദ്ദേശം.

സംവരണക്രമം

നി​ലവി​ൽ...................................................... പുതുക്കി​യത്

ജനറൽ: 50 ................................................... 40

മുന്നാക്കം: 10 ............................................... 10

ഒ.ബി​.സി​ , എസ്.സി & എസ്.ടി​: 40 .... 50

ചട്ടഭേദഗതിക്ക് അനുമതി വൈകി​പ്പി​ച്ച് പി​ന്നാക്കക്കാരുടെ സംവരണാനുകൂല്യം തടയുന്നവർക്കെതി​രെ ശിക്ഷാനടപടി സ്വീകരിക്കണം

വി​.ആർ.ജോഷി​,മുൻ ഡയറക്‌‌ടർ,

സംസ്ഥാന പി​ന്നാക്കക്ഷേമവകുപ്പ്

ഭേദഗതി​ നി​ർദേശങ്ങൾക്ക് ഉടൻ അനുമതി​ ലഭി​ക്കുമെന്നാണ് പ്രതീക്ഷ. ഇതി​നായി​ ഇടപെടുന്നുണ്ട്
അഡ്വ.കെ.ബി​. മോഹൻദാസ്,​
ചെയർമാൻ, ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ്