ആലുവ: ഓംബുഡ്‌സ്മാൻ ഉത്തരവിട്ടതോടെ സ്വകാര്യ വ്യക്തി കൈയേറിയ പൊതു കിണർ പഞ്ചായത്ത് തിരികെ പിടിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ എടയപ്പുറം റേഷൻകട കവലയ്ക്ക് സമീപമാണ് രണ്ട് വർഷത്തോളമായി സ്വകാര്യ വ്യക്തി പൊതു കിണർ കൈവശപ്പെടുത്തിയിരുന്നത്.
പൊതു കിണറുകൾ സംരക്ഷിക്കുന്നതിനായി പഞ്ചായത്ത് വിവിധ വാർഡുകളിലെ പൊതു കിണറുകൾ 2024 ജനുവരിയിൽ ശുചീകരിച്ചെങ്കിലും 19-ാം വാർഡിലെ കിണർ ശുചീകരണം പാതിവഴിയിൽ മുടങ്ങി. ചെളി നീക്കവും ശുചീകരണവും നടന്നെങ്കിലും സംരക്ഷണ ഭിത്തി നിർമ്മിക്കാനായില്ല. കിണറിനോട് ചേർന്നുള്ള സ്ഥല ഉടമ മാനാടത്ത് ഷാഹിദ അബ്ദുൾ ലത്തീഫ് കെട്ടിടം നിർമ്മിക്കുന്നതിനായുള്ള സാധനസാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കെട്ടിട നിർമ്മാണശേഷം കിണറിന്റെ ഭിത്തികെട്ടാമെന്ന ധാരണയിലായിരുന്നു.
എന്നാൽ കെട്ടിടം പൂർത്തിയാക്കി കെട്ടിട നമ്പർ വാങ്ങിയ ഉടമ, കിണറിന്റെ തുറന്ന ഭാഗം ഭാഗികമായി കോൺക്രീറ്റ് ചെയ്ത് പുതിയ കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് വഴിയൊരുക്കി. ഇതേതുടർന്ന് പഞ്ചായത്ത് അംഗം സാഹിദ അബ്ദുൾ സലാം നൽകിയ പരാതിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഏഴ് ദിവസത്തിനകം കൈയേറ്റം ഒഴിയാൻ നോട്ടീസ് നൽകി. ഇതിനെതിരെ കെട്ടിട ഉടമ ഓംബുഡ്‌സ്മാനെ സമീപിച്ചെങ്കിലും കിണർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് ഉത്തരവിട്ടത്.
പഞ്ചായത്തിന്റെ അപ്രതീക്ഷിത നീക്കം
കിണർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ മാസങ്ങൾക്ക് മുമ്പാണ് ഓംബുഡ്‌സ്മാൻ ഉത്തരവിട്ടതെങ്കിലും ഇന്നലെ പഞ്ചായത്ത് അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് സ്‌നേഹ മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എൽസി ജോസഫ്, റസീല നെജീബ്, റസീല ഷിഹാബ്, വാർഡ് മെമ്പർമാരായ സാഹിദ അബ്ദുൾസലാം, സനില ടീച്ചർ, ടി.പി. അസീസ്, സാജു മത്തായി, കെ.എ. ജോയി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ജെ.സി.ബി ഉപയോഗിച്ചാണ് കൈയേറ്റം ഒഴിപ്പിച്ചത്. കെട്ടിട ഉടമയുടെ പ്രതിനിധികൾ സാവകാശം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയെങ്കിലും പഞ്ചായത്ത് അധികൃതർ അനുവദിച്ചില്ല. സുരക്ഷയൊരുക്കാൻ എടത്തല പൊലീസും സ്ഥലത്തെത്തിയിരുന്നു.
ദുരന്തം ഒഴിവാക്കിയെന്ന് പഞ്ചായത്ത്
കിണർ കൈയേറാൻ കോൺക്രീറ്റ് ചെയ്തിരുന്നത് ഉറപ്പില്ലാത്ത ഭൂമിയിലായിരുന്നു. പൂഴിമണ്ണിന് മുകളിലാണ് കോൺക്രീറ്റ് ചെയ്തിരുന്നത്. കോൺക്രീറ്റിന് മുകളിൽ വാഹനങ്ങൾ കയറ്റിയിരുന്നെങ്കിൽ മണ്ണിടിഞ്ഞ് കിണറിൽ വീഴുമായിരുന്നു. ഭാഗ്യത്തിനാണ് ദുരന്തങ്ങൾ ഒന്നും സംഭവിക്കാതിരുന്നത്.
2024 ജനുവരിയിൽ മറ്റ് കിണറുകളുടെയെല്ലാം നവീകരണം കരാറുകാരൻ പൂർത്തിയാക്കിയെങ്കിലും 19ാം വാർഡിലെ നവീകരണം മുടങ്ങിയതിനാൽ ഇതുവരെ കരാർ തുക ലഭിച്ചിട്ടില്ല. നിർമ്മാണം പൂർത്തിയാക്കാതെ കരാർ തുക നൽകുന്നത് ചട്ടലംഘനമായതിനാലാണിത്.