പള്ളുരുത്തി: അവകാശത്തർക്കത്തെ തുടർന്ന് കേസിലിരിക്കുന്ന വീട് അഗ്നിബാധയിൽ പൂർണമായും കത്തിനശിച്ചു. ഇടക്കൊച്ചിയിലെ പനച്ചിത്തറ എന്ന വീടാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഈ വീടിന്റെ അവകാശത്തെ ചൊല്ലി തർക്കത്തിലുള്ള ബന്ധുക്കളായ സിന്ധു, പ്രതാപൻ എന്നിവർ താമസിച്ചിരുന്ന വീടാണ് അഗ്നിക്കിരയായത്. സിന്ധു തന്റെ മകനോടൊപ്പവും പ്രതാപൻ തന്റെ ഭാര്യയോടൊപ്പവും ഇതേ വീടിന്റെ ഇരുഭാഗങ്ങളിലായാണ് താമസം.
പൂട്ടിയിട്ടിരുന്ന ഒരു മുറിയിൽ നിന്നാണ് തീ ആദ്യം ഉയർന്നത്. നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ നോക്കിയെങ്കിലും ആർക്കും അടുക്കാൻ സാധിക്കാത്ത വിധത്തിൽ തീ ആളിപ്പടർന്നു.
ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന എ.സി, ടി.വി, സ്കൂൾ സർട്ടിഫിക്കറ്റ്, അലമാര ഉൾപ്പെടെ സകലതും ചാമ്പലായി. അലമാരയിൽ വച്ചിരുന്ന ഒരു പവൻ സ്വർണം, ലോൺ അടക്കാൻ വച്ചിരുന്ന പണം എന്നിവയും കത്തിപ്പോയതായി സിന്ധു പറഞ്ഞു.
മട്ടാഞ്ചേരി, അരൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അരൂർ സ്റ്റേഷൻ ഓഫീസർ പി.എ ലിഷാദ്, എസ്.എഫ്.ആർ.ഒ സനീഷ് വി.എസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും മട്ടാഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഇൻ ചാർജ് പി.ബി. സുഭാഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ മനോജ് എം, മനു എം, സജിത്ത് കെ.എസ്, സന്ദീപ് മോഹൻ, അനൂപ് വി. പി, സലിംകുമാർ, രാജീവ് പി.ടി എന്നിവരടങ്ങിയ ഒരു യൂണിറ്റും സംഭവ സ്ഥലത്തെത്തി. സംഭവം അറിയിച്ചതിനെ തുടർന്ന് ഇടക്കൊച്ചി വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.