കൊച്ചി: നഗരവാസികളുടെ ഒഴിവുസമയങ്ങൾക്ക് ആശ്വാസമേകുന്ന സുഭാഷ് ബോസ് പാർക്ക് കൂടുതൽ സംവിധാനങ്ങളോടെ മുഖം മിനുക്കുന്നു. പാർക്കിൽ ആധുനിക രീതിയിൽ പുന:സജ്ജീകരിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സ് തുറക്കുന്നതിനു പിന്നാലെ പുതുതായി സ്ഥാപിക്കുന്ന ഇന്ററാക്റ്റീവ് പ്ലേ ഏരിയയുടെയും ഓപ്പൺ ജിമ്മിന്റെയും നിർമ്മാണ ഉദ്ഘാടനവും ഇന്ന് നടക്കും. ഇന്ന് രാവിലെ 10ന് സുഭാഷ് ബോസ് പാർക്കിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ലോക്ഡൗണിന് ശേഷം ഏതാണ്ട് ഒരു വർഷത്തിലേറെ കാലം പാർക്ക് അടച്ചിട്ട് നവീകരിച്ചിരുന്നു. ശലഭ, ഔഷധ ഉദ്യാനങ്ങൾ ഉൾപ്പെടെയായിരുന്നു അന്നത്തെ നവീകരണം. 20 സെന്റ് സ്ഥലത്താണു പാർക്കിലെ ശലഭോദ്യാനം. കേരള വന ഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ) വികസിപ്പിച്ച ശലഭോദ്യാനത്തിന്റെ മാതൃകയിലാണ് കൊച്ചിയിലേതും. വിവിധ ഇനം ചിത്രശലഭങ്ങൾക്ക് ഇണങ്ങുന്ന സസ്യങ്ങളെ നട്ടുവളർത്തി യോജിച്ച ആവാസ വ്യവസ്ഥ സൃഷ്ടിച്ചു ശലഭങ്ങളെ ആകർഷിക്കുന്നതായിരുന്നു പദ്ധതി.
കൂടുതൽ ശിശുസൗഹൃദമാകും
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് സുഭാഷ് ബോസ് പാർക്കിൽ കുട്ടികൾക്കായുള്ള പുതിയ 'ഇന്ററാക്റ്റീവ് പ്ലേ ഏരിയ'യും ഓപ്പൺ ജിംനേഷ്യവും തയ്യാറാക്കുന്നത്. രണ്ടര കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മിനി കഫെറ്റീരിയ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് സംവിധാനം, ഫീഡിംഗ് റൂം, റീഡിംഗ് റൂം എന്നിവ ഉൾപ്പെടുത്തി പുതുതായി ഒരു ടോയ്‌ലറ്റ് കോംപ്ലക്‌സ്
ടോയ്ലറ്റിൽ പ്രതിദിനം ഉല്പാദിപ്പിക്കുന്ന മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതി അധിഷ്ഠിത മലിനജല സംസ്‌കരണ സംവിധാനമൊരുക്കി. ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സാമ്പത്തിക സഹായത്തോടെ 35 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.