cheriapally

കോതമംഗലം : കോതമംഗലം മാർ തോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ചിനാണ് കൊടിയിറക്കുന്നത്. രാവിലെ എട്ടിനുള്ള വി. മൂന്നിൻമേൽകുർബാനയ്ക്ക് ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഗജവീരൻമാർ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബർ വണങ്ങും.

ഇന്നലെ ചക്കാലക്കുടി ചാപ്പലിലേക്ക് പ്രദഷിണം ഉണ്ടായിരുന്നു. പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ ആദ്യമെത്തിയ കോഴിപ്പിള്ളിയിലെ ചാപ്പലിലേക്കായിരുന്നു പ്രദക്ഷിണം. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പരിശുദ്ധ ബാവക്ക ചെറിയപള്ളിയിലേക്ക് വഴികാണിച്ച് നൽകിയ ചക്കാലയുവാവിന്റെ പിൻതലമുറയിൽപ്പെട്ട പൂതീക്കൽ സരേഷ് പതിവ്പോലെ പ്രദഷിണത്തിൽ വിളക്കേന്തി. വികാരി ഫാ.ജോസ് മാത്യു തച്ചേത്തുകുടി, ട്രസ്റ്റിമാരായ കെ.കെ.ജോസഫ്, എബി ചേലാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

വ്യാഴാഴ്ച രാത്രിയിൽ ടൗൺ ചുറ്റിയുള്ള പ്രദഷിണം നടന്നു. മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിലും കത്തോലിക്കാ ദേവാലമായ സെന്റ് ജോർജ് കത്തീഡ്രലിലും പ്രദക്ഷിണം പ്രവേശിച്ചു. സെന്റ് ജോർജ് പള്ളിയിൽ വികാരിയുടെ നേതൃത്വത്തിൽ പ്രദക്ഷിണത്തെ വരവേറ്റു. പെരുന്നാളിന് ഇന്ന് കൊടിയിറങ്ങുമെങ്കിലും ഭക്തജന പ്രവാഹം തുടരും. വൈദ്യുതി ദീപാലങ്കാരം 12 വരെ ഉണ്ടായിരിക്കും.