കളമശേരി: അതിർത്തി തർക്കത്തെ തുടർന്ന് വയോധികയെ പിക്കാസ് പിടി കൊണ്ട് ആക്രമിച്ചതായി പരാതി. ഏലൂർ കിഴക്കുംഭാഗം കൂട്ടുങ്ങൽ വീട്ടിൽ കദീജ അബ്ദുൾ ഖാദറിനാണ് (68) ആക്രമണമേറ്റത്. മകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്നിടത്തെ മതിൽ തകർത്ത് സ്ഥലം കൈയ്യേറാനുള്ള ശ്രമം ചോദ്യം ചെയ്തതാണ് കാരണമെന്ന് ഏലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഭർതൃ സഹോദരനായ കൂട്ടുങ്ങൽ കോയ, ഭാര്യ ബിയാത്തു, മക്കളായ ബഷീർ, ലത്തീഫ് എന്നിവർ ചേർന്ന് അക്രമിച്ചതായാണ് പരാതി. കുടുംബ വഴക്കാണെന്നും കേസെടുത്തെന്നും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ് കൊടുത്തെന്നും പൊലീസ് പറഞ്ഞു.