നെടുമ്പാശേരി: ചാന്തേലിപ്പാടം തരം മാറ്റി ഭൂമാഫിയക്ക് അനധികൃത ഒത്താശ നൽകുന്ന നടപടിക്കെതിരെ കേരള കർഷകസംഘം ചെങ്ങമനാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ആലുവ ഏരിയാ സെക്രട്ടറി പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡൻ്റ് സി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. ഷാലി, ഇ.എം. സലീം, പി.എ. രഘുനാഥ്, ആർ. സുനിൽകുമാർ, എം.കെ. അസീസ് എന്നിവർ പ്രസംഗിച്ചു.
വർഷങ്ങളായി തരിശ് കിടന്ന ചാന്തേലിപ്പാടത്ത് ചെങ്ങമനാട് സഹകരണ ബാങ്കിന്റെ സഹായത്തോടെ നെൽകൃഷി ആരംഭിച്ചിരുന്നു. പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീജിത്ത് ഷാജിയുടെ നേതൃത്വത്തിലാണ് നെൽകൃഷി ചെയ്യുന്നത്. മൂന്ന് ദിവസത്തെ തുടർച്ചയായ പൂജ അവധി മുതലെടുത്ത് ഹിറ്റാച്ചി ഉപയോഗിച്ച് കൃഷി ഭൂമി മണ്ണെടുത്ത് മാറ്റാൻ വാർഡ് മെമ്പർ ഒപ്പം എത്തിയെന്നാണ് കർഷകസംഘം ആരോപിക്കുന്നത്.