sivakuamr
എറണാകുളം ശിവകുമാർ

കൊച്ചി: പഴം പ്ളാസ്റ്റിക് കവറോടെ കഴിച്ചുവെന്ന സംശയത്താൽ 'ഗജസമ്രാട്ട്' എറണാകുളം ശിവകുമാർ മൃഗഡോക്ടർമാരുടെ നിരീക്ഷണത്തിൽ. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ നിത്യശീവേലിക്ക് എഴുന്നള്ളിക്കാൻ നാല് ദിവസം മുമ്പാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഈ ഗജരാജൻ തൃശൂരിൽ നിന്ന് എത്തിയത്. വ്യാഴാഴ്ച രാത്രി ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മാനസികവിഭ്രാന്തിയുള്ള ഒരാൾ പ്ളാസ്റ്റിക് കവറിലിട്ട് ആനയ്ക്ക് പഴം നൽകിയെന്ന സംശയം ഉയർന്നത്.

ഡോ. ഗിരിദാസിന്റെ നിർദ്ദേശപ്രകാരം ദഹനത്തിനുള്ള മരുന്ന് നൽകി. കോടനാട്ടെ വനംവകുപ്പ് വെറ്ററിനറി ഡോക്ടർ ബിനോയ് ഇന്നലെ ആനയെ പരിശോധിച്ചു. പ്രത്യക്ഷത്തിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ ആന ഭക്ഷണം കഴിക്കുകയും എരണ്ടയിടുകയും ഉറങ്ങുകയും ചെയ്തു. ശിവകുമാറിന് പകരം മനിശേരി കൊച്ചയ്യപ്പനാണ് ഇന്നലെ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പ് നടത്തിയത്. ആന സാധാരണ നിലയിലാണെന്ന് ഒന്നാം പാപ്പാൻ സുരേഷ് പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ.പി. അജയനും കെ.കെ. സുരേഷ് കുമാറും ഇന്നലെ രാത്രി ശിവകുമാറിനെ സന്ദർശിക്കാനെത്തി.

ശാന്തസ്വരൂപനായ ശിവകുമാറിനെ പ്രമുഖ അബ്കാരി കോൺട്രാക്ടർ കെ.ജി. ഭാസ്‌കരൻ അരനൂറ്റാണ്ടുമുമ്പ് എറണാകുളത്തപ്പന് നടയിരുത്തിയതാണ്. എറണാകുളത്തുകാരുടെ പ്രിയങ്കരനായ ഗജരാജന് കേരളമെമ്പാടും ആരാധകരുണ്ട്.

വർഷങ്ങളായി തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് തെക്കേ ഗോപുരനട തുറക്കുന്നത് ശിവകുമാറാണ്.