കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ് നടത്തിയ കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ 15 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കാൻ ജുവനൈൽ ജസ്റ്റിസ്ബോർഡ് ഉത്തരവിട്ടു.

പ്ലസ് വൺ വിദ്യാർത്ഥികളായ 16 കാരനെയും 17കാരനെയുമാണ് കാക്കനാട് ഓബ്സർവേഷൻ ഹോമിലേക്ക് മാറ്റിയത്.

തിരുവനന്തപുരം -ചെന്നൈ സൂപ്പർഫാസ്റ്റ് മെയിലിന് നേരെ ഇടപ്പള്ളി, കളമശേരി റെയിൽവേ സ്റ്റേഷനുകൾക്കിടെ സെപ്തംബർ 25ന് രാത്രി 7.50നായിരുന്നു കല്ലേറ്. സംഭവത്തിൽ ട്രെയിനിന്റെ പുറകിലെ ജനറൽ കോച്ചിന്റെ ജനാല സീറ്റിലിരുന്ന് സഞ്ചരിച്ച അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ രഞ്ജിത്തിന് തലയ്ക്ക് പരിക്കേറ്റിരുന്നു.

റെയിൽവേ പൊലീസിന്റെ ഡാൻസാഫ് , ഇന്റലിജൻസ് സംഘങ്ങളുടെ പരിശോധനയിൽ കളമശേരി എച്ച്.എം.ടി പാലത്തിന് സമീപത്തെ സി.സി ടിവിയിൽനിന്ന് വിദ്യാർത്ഥികൾ കല്ലെറിയുന്ന ദൃശ്യങ്ങൾ കിട്ടി. ട്രാക്കിൽ നിന്ന് കല്ലുകൾ എടുക്കുന്നതും സമീപത്തെ തൂണിനരികെ ഒളിച്ചിരുന്ന് ട്രെയിനിന് നേരെ എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ട് കുട്ടികളും കല്ലെറിഞ്ഞായി റെയിൽവേ പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ രക്ഷിതാക്കൾ എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ച കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. ട്രെയിനിന്റെ അടിഭാഗത്തേക്കാണ് തങ്ങൾ കല്ലെറിഞ്ഞതെന്നാണ് വിദ്യാർത്ഥികൾ നൽകിയ വിശദീകരണം. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, ഇൻസ്പെക്ടർ കെ. ബാലൻ, എസ്.ഐമാരായ ഇ.കെ. അനിൽകുമാർ, എ. നിസാറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.