നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് കീരിക്കറിയുമായി വനംവകുപ്പ് പ്രതികളെ തേടിയത് കൗതുകകാഴ്ചയായി. പാതിവേവിച്ച കീരി ഇറച്ചിയുള്ള പാത്രവുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവള പരിസരത്തെയും സമീപ പ്രദേശങ്ങളിലെയും പല കടകളിലും കയറിയിറങ്ങിയെങ്കിലും കറി ഉണ്ടാക്കിയവരെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവള പരിസരത്തെ ഒഴിഞ്ഞപറമ്പിലെത്തിയത്.

ജീപ്പ് കണ്ടതോടെ പാചകം ചെയ്തിരുന്നവർ ഓടി രക്ഷപ്പെട്ടു. തുടർന്നാണ് കറിവയ്ക്കാൻ ഉപയോഗിച്ച പാത്രവുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ തേടിയിറങ്ങിയത്. പെട്രോൾ പമ്പിന് സമീപം വിമാനത്താവളത്തിലേക്ക് പോയ കാറിടിച്ചാണ് കീരി ചത്തതെന്ന് പറയുന്നു. ഈ പരിസരത്ത് തന്നെയുള്ളവരാണ് കീരിയെ പാചകം ചെയ്ത് കഴിക്കാൻ ശ്രമിച്ചതെന്ന് സൂചനയുണ്ട്. വനം വകുപ്പ് അന്വേഷണം തുടരുകയാണ്.