u

ചോറ്റാനിക്കര: മഴ മാറി മാനം തെളിഞ്ഞതോടെ രാമമംഗലം പുഴയിൽ ഉല്ലസിക്കാനെത്തുന്നവരുടെ തിരക്കേറി. ഇതോടെ മുന്നറിയിപ്പു ബോർഡുകളും സുരക്ഷാ സൗകര്യങ്ങളുമില്ലാത്ത കടവുകളിൽ അപകടങ്ങളും ആവർത്തിക്കുകയാണ്. രാമമംഗലം പാലത്തിനു സമീപം തടയണയിൽ കുളിക്കാൻ ഇറങ്ങിയ ചോറ്റാനിക്കര സ്വദേശിയായ ആൽബിൻ ഏലിയാസും, വയനാട് മാനന്തവാടി സ്വദേശി അർജുനും ഒഴുക്കിൽപ്പെട്ടതാണ് ഒടുവിലത്തെ അപകടം.

ഊരമന പാലം പരിസരം മുതൽ പിറവം പാഴൂർ മണൽപ്പുറം വരെ നീളുന്ന ദൂരത്തിൽ 5 വർഷത്തിനിടെ 25ൽ ഏറെ പേർ അപകടത്തിൽ മരിച്ചു.

 അയിയൊഴുക്കും ആഴവും

വെള്ളത്തിന്റെ ആഴവും അടിയൊഴുക്കും അറിയാതെ പുഴയിൽ ഇറങ്ങുന്നവരുടെ അശ്രദ്ധയ്ക്ക് ജീവന്റെ വിലയുണ്ടാകുമെന്ന പ്രദേശവാസികളുടെ ഓർമപ്പെടുത്തലുകൾ കുളിക്കാനെത്തുന്നവരിൽ ഭൂരിഭാഗവും വിലവെക്കാറില്ല. മണൽപ്പരപ്പിന്റെ ശാന്തത വെള്ളത്തിൽ ഇറങ്ങിയാൽ ഉണ്ടാകില്ല. 30 അടിയോളം താഴ്ചയുള്ള പുഴയിൽ ശക്തമായ അടിയൊഴുക്കും ചുഴികളും അപകടമരണങ്ങൾ വർദ്ധിപ്പിക്കുന്നു.

 തടയിണകൾ ആകർഷിക്കുന്നു

രാമമംഗലം പാലത്തിനു സമീപത്തുനിന്ന് ചൂണ്ടി ശുദ്ധജല വിതരണ പദ്ധതിക്കുവേണ്ടിയാണ് പുഴയിൽ തടയണ തീർത്തത്. 7 കോടി രൂപ മുതൽമുടക്കുള്ള തടയണയ്ക്ക് 140 മീറ്റർ നീളവും 2.5 മീറ്റർ ഉയരവുമാണ് ഉള്ളത്. തടയണയിൽ വെള്ളം തങ്ങിനിന്ന് രൂപപ്പെടുന്ന തടാകത്തിന്റെ പ്രതീതിയാണ് പലരെയും ആകർഷിക്കുന്നത്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ശക്തിയെക്കുറിച്ച് ധാരണയില്ലാതെ മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

 ആഴമേറിയ കയം

വെള്ളം ശക്തിയിൽ വീഴുന്നതിനാൽ ഈ ഭാഗത്ത് ആഴമേറിയ കയം രൂപപ്പെട്ടിട്ടുണ്ട്. നീന്തൽ അറിയാവുന്നവർക്കുപോലും കയറിപ്പോരുന്നത് ദുഷ്‌കരമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെനിന്ന് 250 മീറ്ററോളം മുകൾഭാഗത്ത് തമ്മാനിമറ്റം കടവിലും തിരക്കുണ്ട്. ഈ കടവിലും പലപ്പോഴായി 10 പേർക്ക് ജീവഹാനി നേരിട്ടിട്ടുണ്ട്. മുമ്പുണ്ടായ മരണങ്ങളുടെ എണ്ണവും പുഴയുടെ ആഴവും രേഖപ്പെടുത്തിയ അപകട മുന്നറിയിപ്പ് ബോർഡുകൾ കടവുകളിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം