പെരുമ്പാവൂർ: ഇരിങ്ങോൾ നീലംകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 22-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 5 മുതൽ 12 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തത്തനപ്പിള്ളി കൃഷ്ണയ്യർ യജ്ഞത്തിന് കാർമികത്വം വഹിക്കും. ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6ന് വിഷ്ണു സഹസ്രനാമജപം, തുടർന്ന് പാരായണം, പ്രഭാഷണം, ഭജന എന്നിവ നടക്കും. 5ന് രാവിലെ മുതൽ നാരായണീയ പാരായണം, കലവറ നിറയ്ക്കൽ എന്നിവ നടക്കും. വൈകിട്ട് ദീപാരാധനക്കു ശേഷം സപ്താഹ യജ്ഞത്തിന്റെ ഉദ്ഘാടനം പി. പുരുഷോത്തമൻ നമ്പൂതിരി നിർവഹിക്കും. 10ന് വൈകിട്ട് 3ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര, ദീപാരാധനയ്ക്ക് ശേഷം രുഗ്മിണീ സ്വയംവരം, തിരുവാതിരകളി. 12ന് ഉച്ചയ്ക്ക് 12ന് മംഗളാരതി, യജ്ഞസമർപ്പണം, അവഭൃതസ്‌നാനം, ആചാര്യദക്ഷിണ സമർപ്പണം, പ്രസാദ വിതരണം എന്നിവ നടക്കും. ക്ഷേത്രം പ്രസിഡന്റ് വി.എൻ. അശോകൻ, സെക്രട്ടറി എം.ബി. സുരേന്ദ്രൻ, ട്രഷറർ കെ.എൻ. മോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.