കൊച്ചി: ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന് ആദരമർപ്പിക്കാൻ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ തിരഞ്ഞെടുത്തത് ഉപേക്ഷിക്കപ്പെട്ട കണ്ണാടിച്ചില്ലുകൾ. പാഴ് വസ്തുക്കളിൽ അവർ ഗാന്ധിയുടെ രൂപമൊരുക്കി. 'ഗാന്ധി - റിഫ്ളക്ഷൻസ് ഇൻ റീക്ലെയിംഡ് ഗ്ലാസ്' എന്ന് പേരുമിട്ടു. ജെയിൻ സർവകലാശാലയിലെ സ്‌കൂൾ ഒഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സിലെ വിദ്യാർത്ഥികളാണ് ശില്പത്തിന് രൂപം നൽകിയത്. ഉമ തോമസ് എം.എൽ.എ ഗാന്ധിശില്പം അനാച്ഛാദനം ചെയ്തു.
ഊന്നുവടിയുമായി നടന്നുനീങ്ങുന്ന ഗാന്ധിജിയുടെ നിഴൽരൂപമാണ് പാഴ്ക്കണ്ണാടിച്ചില്ലുകളും മൾട്ടിവുഡും ഉപയോഗിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ചത്. മാലിന്യ സംസ്‌കരണം പോലുള്ള വലിയ വെല്ലുവിളികളെ സർഗാത്മകതമായും ലക്ഷ്യബോധത്തോടെയും എങ്ങനെ നേരിടാമെന്ന് കാണിച്ചുതരികയാണ് വിദ്യാർത്ഥികളെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണിയും പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ.ജെ. ലതയും പറഞ്ഞു.
തൃക്കാക്കര മുനിസിപ്പൽ പാർക്കിന് സമീപം നടന്നചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള, കൗൺസിലർ വി.ഡി. സുരേഷ് എന്നിവരും പങ്കെടുത്തു.