dog
പനമ്പ്കാടിന് സമീപം അലൂമിനിയം കുടം തലയിൽ കുടുങ്ങിയ തെരുവുനായ

കൊച്ചി: തലയിൽ കുടുങ്ങിയ അലൂമിനിയം കുടവുമായി പ്രാണരക്ഷാർത്ഥം ഓടിയ തെരുവുനായയെ നാട്ടുകാരനായ യുവാവും അഗ്നിരക്ഷാ സേനയും രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് വല്ലാർപാടം പനമ്പ്കാട് ഗ്രാമീണവായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കഴുകാൻവച്ചിരുന്ന കുടത്തിലാണ് നായ തലയിട്ടത്. കുടം കുടുങ്ങിയതോടെ ഇടറോഡിലൂടെ തെരുവുനായ ഓടാൻ തുടങ്ങി. നായയുടെ കുഞ്ഞുങ്ങൾ റോഡരുകിൽ കിടപ്പുണ്ടായിരുന്നു. അലിവ് തോന്നിയ പ്രദേശവാസിയായ യുവാവ് നായയെ പിടിച്ചു കെട്ടിയിട്ട് അഗ്നിരക്ഷാ സേനയെ അറിയിച്ചു. ക്ലബ്റോഡിൽ നിന്നെത്തിയ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് കുടത്തിന്റെ വശങ്ങൾ മുറിച്ച് ഊരിമാറ്റി. അവശയായ നായക്കും കുഞ്ഞുങ്ങൾക്കും നാട്ടുകാരുമായി ചേർന്ന് ഭക്ഷണം നൽകിയ ശേഷമാണ് ഇവർ മടങ്ങിയത്. ഫയർ ഓഫീസർമാരായ കെ.എ. അനീഷ്, ടി.എസ്. ഷാനവാസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.