j

രാമമംഗലം: രാമമംഗലത്ത് പുഴയിൽ തടയണയ്ക്ക് സമീപം ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ഇടിഗുനി വീട്ടിൽ നാരായണന്റെ മകൻ അർജുനിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ആൽബിൻ ഏലിയാസിന്റെ മൃതദേഹം വ്യാഴാഴ്ച ലഭിച്ചിരുന്നു.

മുങ്ങിപ്പോയ അർജുനിന് വേണ്ടി പിറവം അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളും ഗാന്ധിനഗർ നിലയത്തിൽ നിന്നെത്തിയ സ്കൂബ ടീമും സംയുക്തമായി 5 മണിക്കൂറോളം വ്യാഴാഴ്ച തെരച്ചിൽ നടത്തിയെങ്കിലും ആൽബിന്റെ മൃതദേഹം മാത്രമായിരുന്നു കിട്ടിയത്. അർജുനിന് വേണ്ടി തെരച്ചിൽ തുടർന്നുവെങ്കിലും ആളെ കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കും ഇരുട്ടും മൂലം താത്കാലികമായി നിറുത്തിവച്ച തെരച്ചിൽ ഇന്നലെ രാവിലെ എട്ടിന് പുനരാരംഭിച്ചു. പിറവം നിലയത്തിലെ സേനാംഗങ്ങളും കോതമംഗലം നിന്നുള്ള സ്കൂബാ ടീം അംഗങ്ങളും നേവിയുടെ മുങ്ങൽ വിദഗ്ധരും പങ്കെടുത്തു.

തെരച്ചിൽ നടക്കുന്നതിനിടെ കാണാതായതിന് 200 മീറ്റർ അകലെ മൃതദേഹം പൊങ്ങിവരികയായിരുന്നു. മൃതദേഹം രാമമംഗലം പൊലീസിന് കൈമാറി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. പിറവം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഫുൽ തിരച്ചിലിന് നേതൃത്വം നൽകി. ആൽബിൻ ഏലിയാസിന്റെ സംസ്കാരം ഇന്ന് രാവിലെ 11ന് നിറമുഗൾ സെന്റ് പോൾസ് ആൻഡ് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.

പത്മിനിയാണ് മരിച്ച അർജുനിന്റെ അമ്മ. സഹോദരൻ: അരുൺ.