കൊച്ചി: ഹെറോയിൻ കുത്തിവെയ്ക്കാൻ ഒന്നിലധികം ആൾക്കാർ ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ഭീതിപരത്തുന്നു. എച്ച്.ഐ.വി ഉൾപ്പെടെ മാരകരോഗങ്ങൾ പടരാൻ ഇതിടയാക്കിയേക്കുമെന്ന ആശങ്കയിലാണ് പൊലീസും എക്സൈസും. കഴിഞ്ഞദിവസം പെരുമ്പാവൂരിലെ ആശുപത്രിക്ക് സമീപം ഹെറോയിൻ കുത്തിവെച്ച അന്യസംസ്ഥാനക്കാരൻ കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ സി.സി ടിവി ദ‌ൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരേ സിറിഞ്ച് രണ്ട് പേർ ഉപയോഗിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഹെറോയിനും സിറിഞ്ചും കൈമാറിയ അസം സ്വദേശി വസിംഹക്കിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കൊപ്പം ഹെറോയിൻ കുത്തിവെച്ചതിനെ തുടർന്ന് മരിച്ച തൊഴിലാളി ബിഹാർ മുർഷിദാബാദ് സ്വദേശിയാണെന്നും കണ്ടെത്തി.

മയക്കുമരുന്ന് കുത്തിവയ്കാൻ ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികൾക്കിടെ വ്യാപകമാണ്. അസം, പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ലഹരിക്ക് അടിമകളായ അസം സ്വദേശികളിൽ നല്ലൊരു ശതമാനം പേരും ഹെറോയിനാണ് ഉപയോഗിക്കുന്നത്.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ സിറിഞ്ചുകൾ നൽകരുതെന്ന് പെരുമ്പാവൂർ മേഖലയിലെ മെഡിക്കൽ ഷോപ്പുടമകൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലഹരി ഉപയോഗത്തിന് എതിരെ സിനിമാ തീയേറ്ററുകളിൽ ബോധവത്കരണ ഹൃസ്വചിത്രങ്ങൾ പ്രദർശിപ്പിക്കാനും നടപടി തുടങ്ങി. ഞായറാഴ്ച മുതൽ പെരുമ്പാവൂരിലെ ഒരു തീയേറ്ററിൽ സിനിമ തുടങ്ങും മുമ്പ് ബോധവത്കരണ ചിത്രം പ്രദർശിപ്പിക്കും.