മരട്: കുണ്ടന്നൂർ - ധനുഷ്കോടി ദേശീയ പാതയിൽ മരട് മൂത്തേടം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ നാല് ബൈക്ക്,​ രണ്ട് കാർ, പിക്കപ്പ് വാൻ എന്നിവയിൽ ഇടിച്ച് നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരൻ കുണ്ടന്നൂർ വെള്ളേക്കരി നികർത്തിൽ ഭാഗ്യനാഥനെ (54) വി.പി.എസ് ലേക്‌ഷോർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പുത്തൻപുരയിൽ മെൽവിൻ പോൾ (42), മരട് പൂത്തറയിൽ പി.ജെ. സാബു (51), ആർദ്ര തെരേസ (18) എന്നിവരെ മരട് പി.എസ് മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.