oo

കൊച്ചി: ശബരിമലയിലും പമ്പയിലും നവംബർ 11 മുതൽ ഒരു വർഷത്തേക്ക് ഭക്തർ സമർപ്പിക്കുന്ന നാളികേരം ശേഖരിക്കാനും പൂജാപുഷ്പങ്ങൾ എത്തിക്കാനുമുള്ള കരാർ ഹൈക്കോടതി റദ്ദാക്കി. ടെൻഡർ സമയം അവസാനിച്ച ശേഷം വീണ്ടും വെബ്‌സൈറ്റ് തുറന്ന് ഒരു ദിവസം നീട്ടിയത് ചിലരെ സഹായിക്കാനാണെന്ന ആരോപണം ശക്തമാണെന്നും ഭരണപരമായ വീഴ്ച മാത്രമായി കാണാനാകില്ലെന്നും കോടതി തുറന്നടിച്ചു. ടെൻഡർ നടപടിയുടെ വിശുദ്ധി നഷ്ടപ്പെട്ടോയെന്ന് സംശയിക്കുന്ന സംഭവങ്ങളാണ് ഉണ്ടായതെന്നും നിരീക്ഷിച്ചു.

തീയതി നീട്ടിയ കാര്യം പത്രങ്ങളിൽ പരസ്യപ്പെടുത്താത്തതിനാൽ സുതാര്യത നഷ്ടമായെന്നു വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. നടപടിക്രമം പാലിച്ച് വീണ്ടും ടെൻഡർ വിളിക്കാൻ നിർദ്ദേശിച്ചു. തീയതി നീട്ടിയത് അറിയാത്തതിനാൽ ടെൻഡറിൽ പങ്കെടുക്കാനായില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് സ്വദേശി അബ്ദുൾ മജീദ് അടക്കം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഉത്തരവ്. ആഗസ്റ്റ് 18ന് രാവിലെ 10 മുതൽ 27ന് രാവിലെ 11 വരെയായിരുന്നു ടെൻഡർ സമയം. മൂന്ന് പത്രങ്ങളിലും ദേവസ്വം ബോർഡ് വെബ്‌സൈറ്റിലും വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു.

സമയപരിധി കഴിഞ്ഞശേഷം ഒരു ദിവസം നീട്ടിയെന്ന്

വെബ് സൈറ്റിൽ അറിയിപ്പിടുകമാത്രമാണ് ചെയ്തത്.

ദേവസ്വത്തിലുള്ള വിശ്വാസം

നഷ്ടമാവുമെന്ന് കോടതി
#ടെൻഡർ നടപടികളിലെ വീഴ്ച ദേവസ്വം ബോർഡിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകാൻ കാരണമാകുമെന്ന് കോടതി. ഭക്തർ സമർപ്പിക്കുന്ന നാളികേരത്തിന് ഉയർന്ന വില ഉറപ്പാക്കാൻ ക്ഷേത്ര രക്ഷാധികാരിയായ ബോർഡിന് കടമയുണ്ട്. കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം.

# സന്നിധാനത്തെ തേങ്ങ ശേഖരിക്കാനുള്ള കരാർ 9.77 കോടി രൂപയ്‌ക്കും പമ്പ ഗണപതി ക്ഷേത്രത്തിലേത് 3.87 കോടിക്കുമാണ് നൽകിയത്. പൂക്കൾ എത്തിക്കാനുള്ള കരാർ 1.57 കോടിക്കാണ് ലേലത്തിൽ പോയത്.

# നാളികേര ടെൻഡർ നേടിയത് ബംഗളൂരുവിലെ നവരത്ന ഓയിൽ റിഫൈനറിയും തിരുവനന്തപുരം സ്വദേശി സി. സുരേഷ്‌കുമാറുമാണ്. പുഷ്പങ്ങളെത്തിക്കാൻ ടെൻഡർ നേടിയത് മാവേലിക്കരയിലെ സുരേന്ദ്രൻ നായരായിരുന്നു.