sports

കൊച്ചി: കായികരംഗത്തെ കേരളത്തിന്റെ പിന്നോട്ട് പോക്കുപോലെ സർക്കാരിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയും. ജനപ്രതിനിധികളുടെ ശുപാർശയിൽ ആദ്യഘട്ടത്തിൽ അനുമതി നൽകിയ 128 കളിക്കളങ്ങളിൽ നിർമ്മാണം പൂർത്തിയായത് 10 എണ്ണം മാത്രം. സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിസന്ധിയെന്നാണ് സൂചന. കായിക വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം.

പദ്ധതിക്ക് 50 ലക്ഷം രൂപ കായികവകുപ്പ് അനുവദിക്കും. 50 ലക്ഷം രൂപ എം.എൽ.എ. ഫണ്ടിൽനിന്ന് വിനിയോഗിക്കണം. കായികവകുപ്പിന് കീഴിലെ സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് (എസ്.കെ.എഫ്.) നിർമ്മാണ ചുമതല. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് കളിക്കളം കൈമാറും. ഫണ്ട് കുറഞ്ഞതോടെ പലയിടത്തും നിർമ്മാണം നിലച്ചിരിക്കുകയാണ്.

 എം.എൽ.എ. പറയും
ഓരോ പ്രദേശത്തെയും ജനപ്രതിനിധികളുടെ ശുപാർശപ്രകാരമാണ് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്തത്. ഫുട്‌ബാൾ, വോളിബാൾ, ബാസ്‌കറ്റ്‌ബാൾ തുടങ്ങിയവയ്ക്കുള്ള സ്റ്റേഡിയങ്ങൾക്കാണ് മുൻഗണന. ഇതോടൊപ്പം നടപ്പാത, ഓപ്പൺ ജിം, ശൗചാലയം, ആധുനിക വെളിച്ച സംവിധാനങ്ങൾ എന്നിവയും ഒരുക്കും. സ്‌കൂൾ മൈതാനം, പഞ്ചായത്ത് മൈതാനം, പൊതു ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

 മാനേജിംഗ് കമ്മിറ്റി
പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താൻ കളിക്കളം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കളിക്കളത്തിന്റെ പരിപാലനം ഉറപ്പാക്കുന്നതിനായി നടത്തിപ്പും അറ്റകുറ്റപ്പണിയും പ്രാദേശിക തലത്തിലെ മാനേജിംഗ്കമ്മിറ്റിയാണ്. ക്ലബ്ബുകൾക്കും സ്വകാര്യ അക്കാഡമികൾക്കും വാടകയ്ക്ക് നൽകി കളിക്കളത്തിന്റെ പരിപാലനച്ചെലവ് കണ്ടെത്താം.

 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി
2023 മേയ് 19നായിരുന്നു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. യുവജനകാര്യ വകുപ്പിനായിരുന്നു നടത്തിപ്പ് ചുമതല. പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇതോടെ ആദ്യഘട്ടത്തിൽ 128 കളിക്കളങ്ങൾക്ക് അനുമതി നൽകി. രണ്ടാംഘട്ടത്തിൽ എണ്ണം 12 ആയി ചുരുങ്ങിയെങ്കിലും 2025-26 സാമ്പത്തിക വർഷം 36 കളിക്കളങ്ങൾക്ക് അനുമതി നൽകി ജനപ്രതിനിധികളുടെ നീരസം പരിഹരിച്ചു. ഒരു കോടി രൂപയാണ് ഓരോ സ്റ്റേഡിയത്തിലും അടിസ്ഥാന സൗകര്യമൊരുക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

128 കളിക്കളങ്ങൾക്ക് അനുമതി

 പൂർത്തിയായത് 10