കൊച്ചി: വിദേശങ്ങളിൽ ഹിറ്റായ ലൈറ്റ് ട്രാം പദ്ധതി കൊച്ചിയിൽ നടപ്പാക്കുന്നതിനുള്ള സാദ്ധ്യതാപഠനം ആറുമാസത്തിനകം തുടങ്ങാമെന്ന പ്രതീക്ഷയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. പദ്ധതി സംബന്ധിച്ച സാദ്ധ്യതാ പഠനം നടത്താനുള്ള അനുമതിതേടി സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.

അടുത്തുതന്നെ സർക്കാർ ഇതിന് പച്ചക്കൊടി കാട്ടുമെന്നും പിന്നാലെ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും അധികൃതർ കേരളകൗമുദിയോട് വ്യക്തമാക്കി. ലൈറ്റ് ട്രാം പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാരിനു മുമ്പാകെ കേരളത്തിന്റെ താത്പര്യം ഔദ്യോഗികമായി എത്തിയാൽ രണ്ടോ മൂന്നോ മാസത്തിനകം സാദ്ധ്യതാ പഠനത്തിനുള്ള അനുമതി ലഭിക്കും.

പിന്നാലെ കെ.എം.ആർ.എല്ലിന് സാദ്ധ്യതാപഠനവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കാനാകും. ടെൻഡറിംഗ് ആകും ആദ്യം. ഇതിനുള്ള പിന്നണി പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും കെ.എം.ആർ.എൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സാദ്ധ്യതാപഠനത്തിന് കെ.എം.ആർ.എൽ ഔദ്യോഗിക തീരുമാനമെടുത്തത്.

നഗരങ്ങളിലെ യാത്രക്കാർക്കായി നിർമ്മിക്കുന്ന താരതമ്യേന ചെലവ് കുറഞ്ഞതും എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കുന്നതുമായ ഗതാഗത സംവിധാനമാണ് ലൈറ്റ് ട്രാം

ബ്രിസ്‌ബേൻ മാതൃക

ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ ഉൾപ്പെടെ നഗരങ്ങളിൽ ലൈറ്റ് ട്രാമുകൾ നടപ്പിലാക്കിയിട്ടുള്ള ഹെസ്ഗ്രീൻ മൊബിലിറ്റി പ്രതിനിധിസംഘം 2023 അവസാനം കെ.എം.ആർ.എല്ലുമായി ചർച്ച നടത്തിയിരുന്നു. പദ്ധതിക്ക് സാദ്ധ്യതയുള്ള സ്ഥലങ്ങളും വിലയിരുത്തി. ഇതിനു പിന്നാലെയാണ് സാദ്ധ്യതാപഠനം നടത്തുന്നതിന് ഔദ്യോഗികമായി അനുമതി തേടാൻ കെ.എം.ആർ.എൽ തീരുമാനിച്ചത്.

എം.ജി റോഡ് വഴി

ഷൺമുഖംറോഡ് വഴി 6.2 കിലോമീറ്റർ ദൂരമുള്ള എം.ജി റോഡ് വഴി തേവര, മറൈൻഡ്രൈവ് തുടങ്ങി കൊച്ചി മെട്രോട്രെയിൻ എത്താത്ത സ്ഥലങ്ങളാണ് കെ.എം.ആർ.എല്ലിന്റെ പരിഗണനയിലുള്ളത്.


ലൈറ്റ് ട്രാം സവി​ശേഷതകൾ

1 സാധാരണ മെട്രോ നിർമ്മാണത്തേക്കാൾ ചെലവ് കുറവ്

2 ഒരു കിലോമീറ്റർ മെട്രോ നിർമ്മാണത്തിന് ശരാശരി 250 കോടി

3 ലൈറ്റ് ട്രാമിന് കിലോമീറ്ററിന് 75 കോടി മതി

4 നഗരഗതാഗതം മെച്ചപ്പെടുത്താനും അതിവേഗ യാത്രകൾക്കും സഹായകം

5 റോഡ് നിരപ്പിലൂടെയും മെട്രോയ്ക്ക് സമാനമായും ഭൂഗർഭപാതയിലും സർവീസ്

6 കുറഞ്ഞത് മൂന്നുബോഗി
7 25 മീറ്റർ നീളം
8 240പേർക്ക് യാത്ര ചെയ്യാം