ആലുവ: ശബരിമലയിലെ സ്വർണം കാണാതായ സംഭവം ഹൈക്കോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവയ്ക്കണം. ദേവസ്വം മന്ത്രി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ് പ്രസിഡന്റ്, മുൻ പ്രസിഡന്റ് എന്നിവർക്കെതിരെ കേസെടുക്കണം. ആലുവ പാലസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1998ൽ വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ബോർഡും വ്യക്തമാക്കണം. 40 വർഷം വാറന്റിയുള്ള സ്വർണപ്പാളികൾ ഉൾപ്പെടെ 2019ൽ ശബരിമലയിൽ നിന്നു കൊണ്ടുപോയിട്ട് 40 ദിവസം കഴിഞ്ഞാണ് ചെന്നൈയിൽ എത്തിച്ചത്. ഇതിൽ ദുരൂഹതയുണ്ട്. ചെമ്പ് പാളി മാത്രമാണ് ചെന്നൈയിൽ എത്തിച്ചതെന്നാണ് ഏജൻസി പറയുന്നത്. സ്വർണം ഇവിടെവച്ചുതന്നെ അടിച്ചുമാറ്റിയ ശേഷം ചെമ്പു പാളിയാണ് ചെന്നൈയിൽ എത്തിച്ചതെന്നു വ്യക്തം.
2019ൽ സ്വർണപ്പാളി കൊണ്ടുപോയതിൽ ക്രമക്കേടുണ്ടെന്നും സ്വർണം നഷ്ടപ്പെട്ടെന്നും ദേവസ്വം കണ്ടെത്തിയിട്ടും മൂടിവച്ചു. സ്വർണത്തിന്റെ വിഹിതം അന്ന് ബോർഡിലും സർക്കാരിലും ഉണ്ടായിരുന്നവർ പങ്കിട്ടതിനാലാണ് സ്വർണത്തിൽ കുറവുണ്ടായിട്ടും മൂടിവച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് എതിരെ കേസെടുക്കാതിരുന്നത് കൂട്ടുകച്ചവടമായതിനാലാണ്. ഒന്നും രണ്ടും പിണറായി സർക്കാരുകളിലെ ഉത്തരവാദിത്വപ്പെട്ടവർ ഇതിൽ പങ്കാളികളാണ്. പൂശാൻ കൊണ്ടുപോയ സാധനങ്ങൾ നടൻ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തി അദ്ദേഹത്തെയും കബളിപ്പിച്ചു.
അയ്യപ്പവിഗ്രഹം അടിച്ചു
മാറ്റാത്തതിൽ നന്ദി
അയ്യപ്പവിഗ്രഹം അടിച്ചു മാറ്റാത്ത സർക്കാരിനോടും ദേവസ്വത്തോടും നന്ദിയുണ്ടെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. കുറച്ചു സമയം കൂടി കിട്ടിയിരുന്നെങ്കിൽ അയ്യപ്പനെയും അടിച്ചുകൊണ്ടു പോയേനെ. കപട ഭക്തി മുർദ്ധന്യത്തിൽ നിക്കുമ്പോഴും പിണറായി വിജയന് ഒരു പ്രതികരണവുമില്ല.
നാളികേര കരാറും പുഷ്പത്തിനുള്ള കരാറും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കള്ളക്കച്ചവടമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടക്കുന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
കെ.പി.സി.സി ഇന്ന് സമരം പ്രഖ്യാപിക്കും
ശബരിമലയിലെ സ്വർണം കാണാതായതിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യറായില്ലെങ്കിൽ കെ.പി.സി.സിയും യു.ഡി.എഫും ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ഇന്ന് കെ.പി.സി.സി സമരം പ്രഖ്യാപിക്കും.