കൊച്ചി: എറണാകുളം സുഭാഷ് പാർക്കിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ടോയ്‌ലെറ്റ് ബ്ലോക്കും പുതിയ ഇന്ററാക്റ്റീവ് പ്ലേ ഏരിയയും ഓപ്പൺ ജിമ്മും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റ് സംവിധാനം, ഫീഡിംഗ് റൂം, റീഡിംഗ് റൂം, മിനി കഫെറ്റീരിയ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ടോയ്‌ലെറ്റ് കോംപ്ലക്‌സ്.
പാർക്കിൽ മാതൃകാപരമായി നടപ്പിലാക്കുന്ന മലിനജല സംസ്കരണ സംവിധാനം ഇനി കേരളത്തിലെ മറ്റ് പൊതു ഇടങ്ങളിലും ഒരുക്കുമെന്നും കുട്ടികളുടെ കളി ഉപകരണങ്ങൾ, ഓപ്പൺ ജിം, ലാൻഡ്സ്കേപ്പിംഗ് എന്നിവയും നവീകരണത്തിന്റെ ഭാഗമായി പാർക്കിൽ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മിനി കഫെറ്റീരിയയുടെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. പൊതു ഇടങ്ങൾ നവീകരിക്കാനുള്ള ടൂറിസം വകുപ്പിന്റെ ഡിസൈൻ പോളിസി ശില്പശാലയ്ക്ക് ശേഷമുള്ള പ്രധാന ചുവടുവയ്പ്പാണ് സുഭാഷ് പാർക്ക് നവീകരണം. ഭാരത് പെട്രോളിയം കോർപ്പറേഷൻ കൊച്ചി റിഫൈനറിയുടെ സാമ്പത്തിക സഹായത്തോടെ 35 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ 2.5കോടി രൂപ ചെലവഴിച്ചാണ് കുട്ടികൾക്കായുള്ള പുതിയ ഇന്ററാക്റ്റീവ് പ്ലേ ഏരിയയും ഓപ്പൺ ജിംനേഷ്യവും തയ്യാറാക്കുന്നത്.
ടി.ജെ. വിനോദ് എം.എൽ.എ, സബ് കളക്ടർ ഗ്രന്ഥേസായി കൃഷ്ണ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെ. സനിൽ മോൻ, വി.എ. ശ്രീജിത്ത്, പി.ആർ. റെനീഷ്, കൗൺസിലർ പദ്മജ എസ്. മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.