നെടുമ്പാശേരി: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളെല്ലാം ബി.എം.ബി.സി നിലവാരത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പുറയാർ റെയിൽ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന് കീഴിൽ സംസ്ഥാനത്ത് 30,000 കിലോമീറ്റർ റോഡാണുള്ളത്. അഞ്ച് വർഷം കൊണ്ട് 50 ശതമാനം റോഡ് ബി.എം.ബി.സി നിലവാരത്തിൽ ആക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നാല് വർഷത്തിനകം 60 ശതമാനം പിന്നിട്ടതായും മന്ത്രി പറഞ്ഞു.
കിഫ്ബിയിലൂടെ ചരിത്രം കുറിച്ച വികസനമാണ് സംസ്ഥാനത്തുണ്ടായത്. 6613.13 കോടി ചെലവിൽ 163 പാലങ്ങൾ നിർമ്മിച്ചു. 5546 കോടി ചെലവിൽ 136 റോഡുകളും 27 പാലങ്ങളും പൂർത്തിയാക്കി. തടസമില്ലാത്ത റോഡുകളാണ് സർക്കാരിന്റെ ലക്ഷ്യം. 99 റെയിൽവേ മേൽപ്പാലങ്ങളാണ് നിർമ്മിക്കുന്നത്. പുറമെ 23 എണ്ണം കേന്ദ്രവും നിർമ്മിക്കും. ഒമ്പത് എണ്ണം പൂർത്തിയായി. ഏഴ് എണ്ണത്തിന്റെ നിർമ്മാണം ഇപ്പോൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയമുരളീധരൻ, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എൻ. രാജേഷ് എന്നിവർ സംസാരിച്ചു. ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ എം. അൻസാർ റിപ്പോർട്ട് അവതരിപ്പിച്ചു.