accident

കിഴക്കമ്പലം: വഴി നന്നായതോടെ റോഡുകളിൽ വീണ്ടും പരാക്രമം തുടങ്ങി ടോറസുകളടക്കമുള്ള വലിയ വാഹനങ്ങൾ. ഒടുവിൽ നടന്ന നെല്ലാട് അപകടത്തിൽ യുവാവിന്റെ ദാരുണാന്ത്യവും ടോറസിന്റെ വിളയാട്ടത്തിലാണ്. അമിതവേഗതയാണ് കാരണം. നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം ബി.എം. ബി.സി നിലവാരത്തിൽ നിർമ്മിച്ച കിഴക്കമ്പലം-നെല്ലാട് സംസ്ഥാന പാതയിൽ നെല്ലാട് മുതൽ മഞ്ചനാട് വരെ നിരവധി അപകടങ്ങളാണ് ഇതിനോടകം നടന്നത്.

റോഡ് നന്നാക്കിയതിനു ശേഷം കൊച്ചിയിൽ നിന്ന് ഹൈറേഞ്ച് മേഖലയിലേക്കും തിരിച്ചും എളുപ്പവഴിയായ ഇതിലൂടെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. ഇതിനിടെയിലാണ് ടോറസുകളുടെ മരണപ്പാച്ചിൽ. ഓരോ അപകടങ്ങൾ കഴിയുമ്പോഴും നാട്ടുകാർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തുമ്പോൾ രണ്ടു ദിവസം മര്യാദരാമന്മാരാവുന്ന ലോറിക്കാർ തൊട്ടടുത്ത ദിവസം വീണ്ടും പഴയപടിയാകും.

റോഡിന് വീതിക്കുറവ്

സുഖയാത്രയിൽ ലോറിക്കാർ

രണ്ടു വാഹനങ്ങൾക്ക് കഷ്ടി കടന്നുപോകാൻ കഴിയുന്ന റോഡിൽ സൈഡില്ലാത്തതിനാൽ പല ഭാഗത്തും കാൽനടയാത്രക്കാർക്ക് മാറി നിൽക്കാൻ പോലും പ​റ്റാത്ത സ്ഥിതിയാണുള്ളത്. പവർ സ്​റ്റിയറിംഗും എ.സി കാബിനും സൗണ്ട് സിസ്​റ്റവുമടക്കം ഘടിപ്പിച്ചാണ് ടോറസുകൾ സർവീസ് നടത്തുന്നത്.

ടോറസ് ഡ്രൈവർ ഇരിക്കുന്നത് വലിയ ഉയരത്തിലാണെന്നതിനാൽ ചെറിയ അപകടങ്ങളിൽ ഇവർക്കൊന്നും സംഭവിക്കില്ല. ഈ ധൈര്യമാണ് റോഡിലെ അലക്ഷ്യ യാത്രയ്ക്ക് പിന്നിലുള്ളത്.

രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ, ടോറസ് ലോറികൾക്ക് സർവീസിന് വിലക്കുണ്ട്. എന്നാൽ,​ നിരോധിത സമയത്തും റോഡിൽ ടിപ്പറും ടോറസുമുണ്ട്.

പൊലീസും വാഹന ഉടമകളും ഭായി-ഭായി ബന്ധമാണ്. പലപ്പോഴും പെറ്റി ടാർജറ്റ് പൂർത്തിയാക്കുന്നത് ഇവരെ വച്ചാണ്. പൊലീസ് കൈകാണിക്കുമ്പോൾ തന്നെ കൈമടക്കും ഫൈനുമായാണ് ഡ്രൈവർ കാബിനിൽ നിന്നുമിറങ്ങുന്നത്. പിന്നീടുള്ള ചീറിപ്പാച്ചിലിന് പെറ്റിയടിച്ച രസീതിന്റെ ബലവുമുണ്ടാകും.

ഒന്നര പതി​റ്റോണ്ടോളം കാലം തകർന്നു തരിപ്പണമായി കിടന്ന റോഡ് ആധുനിക നിലവാരത്തിലെത്തിയതോടെ ചീറിപ്പായുന്ന വാഹനങ്ങൾ കാൽ നടയാത്രക്കാർക്കടക്കം ഭീഷണിയാണ്. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നല്കുമ്പോഴും റോഡരികിൽ വീണ് അപകടം ഉണ്ടാകുന്നുണ്ട്.

സി.കെ. വിനോദ്കുമാർ,

പൊതുപ്രവർത്തകൻ, വ്യാപാരി,

നെല്ലാട് .

റോഡ് ടാറിംഗ് പൂർത്തിയാക്കിയതിനുശേഷം എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള മുഴുവൻ ലോറികളും ഇതു വഴിയാണ് പോകുന്നത്. അളവിൽ കവിഞ്ഞ ഭാരവും അമിത വേഗതയും ഡ്രൈവർമാരുടെ പരിചയക്കുറവുമാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.

ബിജു മഠത്തിപ്പറമ്പിൽ,

പൊതുപ്രവർത്തകൻ,

പട്ടിമറ്റം.