kaloor
കലൂർ സ്വകാര്യ ബസ് ‌സ്റ്റാൻഡിലെ ടോയ്‌ലെറ്റ് പൂട്ടിയപ്പോൾ

കൊച്ചി: നൂറുകണക്കിന് യാത്രക്കാരും ബസ് ജീവനക്കാരും പൊതുജനങ്ങളും ആശ്രയിക്കുന്ന കലൂർ സ്വകാര്യ ബസ്‌ സ്റ്റാൻഡിലെ ടോയ്‌‌ലെറ്റിന് പൂട്ടുവീണു. കുഴൽക്കിണർ തകരാറിലായി വെള്ളം കിട്ടാതായതോടെയാണ് കരാറുകാരൻ കാലാവധി കഴിയുംമുമ്പേ നഗരസഭയെ അറിയിക്കാതെ ടോയ്‌‌ലെറ്റ് അടച്ചുപൂട്ടിയത്.

കോർപ്പറേഷന്റെ അധീനതയിലുള്ള കലൂർ ബസ്‌സ്റ്റാൻഡിലെ ടോയ്‌‌ലെറ്റ് സമുച്ചയം ഒരുവർഷക്കാലാവധിക്കാണ് കരാർ നൽകുന്നത്. ഹൈബി ഈ‌‌ഡൻ എം.എൽ.എ ആയിരിക്കുന്ന കാലയളവിൽ അനുവദിച്ച 25ലക്ഷംരൂപയുടെ വികസന ഫണ്ടിൽപ്പെടുത്തിയാണ് 2020ൽ സ്ത്രീസൗഹൃദ ടോയ്‌‌ലെറ്റ് നിർമ്മിച്ചത്. കുഴൽക്കിണറും സ്ഥാപിച്ചു. കുഴൽക്കിണർ ഇടയ്ക്കിടെ പണിമുടക്കിയപ്പോൾ കരാറുകാരൻ സ്വന്തം ചെലവിൽ തകരാർ പരിഹരിച്ചിരുന്നു. രണ്ടുമാസം മുമ്പ് പൂർണമായി പ്രവർത്തനരഹിതമായതോടെ ടാങ്കർവെള്ളത്തെ ആശ്രയിച്ചു. ഈ വകയിൽ വലിയ സാമ്പത്തികബാദ്ധ്യത നേരിട്ടതോടെ വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ നഗരസഭയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർ‌ന്നാണ് ഒക്ടോബർ ഒന്നിന് താഴുവീണത്.

ടോയ്‌‌ലെറ്റ് അടഞ്ഞതോടെ സ്ത്രീയാത്രക്കാരുൾപ്പെടെ ദുരിതത്തിലാണ്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദീർഘദൂരബസുകൾ കലൂർ ബസ്‌ സ്റ്റാൻഡിലാണ് യാത്ര അവസാനിപ്പിക്കുന്നതും പുറപ്പെടുന്നതും. ഈ ഭാഗത്തേക്കുള്ള യാത്രക്കാരിൽ നല്ലൊരു ശതമാനവും സ്ത്രീകളും വിദ്യാർത്ഥികളുമാണ്.

രാത്രികാലങ്ങളിൽ കോട്ടയം ഭാഗത്തുനിന്നെത്തി മലബാറിലേയ്ക്ക് പോകുന്ന ദീർഘദൂര ബസുകളിലെ യാത്രക്കാർ ആശ്രയിക്കുന്നത് കലൂർ സ്റ്റാൻഡിലെ ടോയ്‌‌ലെറ്റാണ്. ഇത് അടച്ചതോടെ സ്ത്രീകളുൾപ്പെടെ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

കലൂരും പരിസരത്തും തങ്ങുന്ന ഒട്ടേറെ അന്യസംസ്ഥാന തൊഴിലാളികൾ കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും കലൂർ ബസ് സ്റ്റാൻഡിലെ ടോയ്‌‌ലെറ്റിനെയാണ് ആശ്രയിക്കുന്നത്. കലൂർ സ്റ്റാൻ‌ഡിലെ ലോട്ടറിക്കടകൾ, പഴക്കടകൾ, പെട്ടിക്കടകൾ എന്നിവിടങ്ങളിലെ ജീവനക്കാരും വലയുകയാണ്. പലരും ചുറ്റുവട്ടത്ത് ‘കാര്യം സാധിക്കാൻ’ തുടങ്ങിയതോടെ പരിസസരം മലീമസമായിത്തുടങ്ങി.

കലൂർ ബസ്‌സ്റ്റാൻഡിലെ ശൗചാലയം കരാറുകാരൻ അടച്ചിട്ടത് കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ കരാർ ലംഘനമാണ്. പ്രശ്നം കോർപ്പറേഷൻ പരിശോധിക്കും.

ടി.കെ. അഷറഫ്,

ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ

കൊച്ചി കോർപ്പറേഷൻ

ഹെൽത്ത് ഓഫീസിന് സമീപമുള്ള സ്ലോട്ടർഹൗസിൽനിന്ന് വെള്ളം ലഭ്യമാക്കി‌ ടോയ്‌‌ലെറ്റ് പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണം.

എം.ജി. അരിസ്റ്റോട്ടിൽ

കൗൺസിലർ, കതൃക്കടവ്