നെടുമ്പാശേരി: പ്രമുഖ തീർത്ഥാടന കേന്ദ്രമായ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന അൻവർ സാദത്ത് എം.എൽ.എയുടെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറയാർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനവേദിയിൽ അദ്ധ്യക്ഷ പ്രസംഗത്തിലാണ് എം.എൽ.എ ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള പൊതുമരാമത്ത് റോഡുകൾ മുഴുവനും ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിനുള്ള ശ്രമം നടക്കുകയാണ്. അതിനാൽ ഈ ഘട്ടത്തിൽ പഞ്ചായത്ത് റോഡുകൾ ഏറ്റെടുക്കാൻ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതേസമയം എം.എൽ.എ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ആലുവ ബൈപ്പാസിലെ ഗതാഗതകുരുക്ക് ഒഴിവാക്കുവാൻ എലിവേറ്റഡ് ഹൈവേയോ, അല്ലെങ്കിൽ മൂന്നാമതൊരു പാലമോ നിർമ്മിക്കുന്നതിന് മന്ത്രി ഇടപെ ടണമെന്നായിരുന്നു മറ്റൊരാവശ്യം. സീപോർട്ട് എയർപോർട്ടിന്റെ മൂന്നാം ഘട്ടമായി മഹിളാലയം മുതൽ എയർപോർട്ട് വരെയുള്ള ഭാഗത്തെ റോഡ് നിർമ്മിക്കുന്നതിനായി 220 കോടി അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.
ആവേശത്തിരയിളക്കി റെയിൽവേ മേൽപ്പാലത്തിന് ശിലയിട്ടു
ചുട്ടുപൊള്ളുന്ന വെയിലത്തും വാടാതെ നട്ടുച്ചനേരത്തും റെയിൽവേ മേൽപ്പാലത്തിന്റെ കല്ലിടൽ ചടങ്ങിൽ ജനം ആവേശത്തോടെ പങ്കെടുത്തു. പുറയാറിൽ റെയിൽവേ മേൽപ്പാലം വേണമെന്ന പതിറ്റാണ്ടുകൾ നീണ്ട ആവശ്യം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു അവർ. 12ന് നിശ്ചയിച്ചിരുന്ന പരിപാടിക്ക് മന്ത്രിയെത്തുമ്പോൾ ഒരു മണിക്കൂർ വൈകിയെങ്കിലും അതൊന്നും ജനങ്ങളുടെ ആഹ്ളാദത്തെ ബാധിച്ചില്ല. മന്ത്രിക്കും എം.പിക്കും എം.എൽ.എക്കും പുറമെ വി.എം. ഷംസുദ്ധീൻ, പ്രിയ രഘു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, സി.എസ്.അസീസ്, അമ്പിളി അശോകൻ, നൗഷാദ് പാറപ്പുറം, റജീന നാസർ, നഹാസ് കളപ്പുരക്കൽ, എ.സി. ശിവൻ, പി.എ. രഘുനാഥ്, കെ.എം. അബ്ദുൾഖാദർ, സിദ്ദിഖ് ബാബു, രാഹുൽ വി. ഉണ്ണിക്കൃഷ്ണൻ, കെ.എ നാസർ, അഫ്‌സൽ എന്നിവരും പങ്കെടുത്തു.
പാലത്തിന് 34.90 കോടിയും സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് 18.81 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.
627 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുണ്ടാകും.
നടപ്പാലത്തിന് 1.5 മീറ്റർ വീതിയുണ്ടാകും.
ഇരുവശത്തുമായി 290 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും അഞ്ച് മീറ്റർ വീതിയിൽ കാനയും നിർമ്മിക്കും.
റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് പാലത്തിന്റെ നിർമ്മാണ ചുമതല.