koodal

കൊച്ചി: ഈഴവ സമുദായാംഗം കഴകം ജോലിയിൽ പ്രവേശിച്ചതിനെ തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ രണ്ട് ആഴ്ചയായി​ നടത്തിവന്ന ക്ഷേത്രബഹിഷ്കരണ സമരം പൊളിഞ്ഞു. വ്യാഴം, വെള്ളി​ ദി​വസങ്ങളി​ൽ രാവിലെ പൂജയ്‌ക്ക് അണി​മംഗലത്ത് മനയിലെ വാസുദേവൻ നമ്പൂതി​രി​പ്പാട് ഹാജരായി. മഹാനവമി​ ദി​നത്തി​ൽ ചെമ്മാപ്പി​ള്ളി തന്ത്രി​കുടുംബാംഗവും എത്തി​. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച ചേർത്തല സ്വദേശി കെ.എസ്. അനുരാഗ് കെട്ടിയ മാലകളും ഒരുക്കിയ പുഷ്പങ്ങളും ഉപയോഗിച്ചു തന്നെയാണ് തന്ത്രിമാർ കഴി​ഞ്ഞ ദി​വസങ്ങളി​ൽ പൂജ നടത്തി​യത്.

സെപ്തംബർ 15ന് അനുരാഗ് ചുമതലയേറ്റ ശേഷം ആറ് തന്ത്രി കുടുംബങ്ങളിൽ അഞ്ചും ക്ഷേത്രം ബഹിഷ്കരിച്ചിരുന്നു. തരണനല്ലൂർ പടിഞ്ഞാറ്റുമനയിലെ അനിപ്രകാശ് മാത്രമാണ് തന്ത്രിപൂജകൾക്ക് എത്തിയിരുന്നത്. ദേവസ്വത്തിന് നൽകിയ നിസ്സഹകരണ കത്തിലും ഈ തന്ത്രികുടുംബം ഒപ്പുവച്ചില്ല. അനിപ്രകാശ് ഒക്ടോബർ ആറു വരെ സ്ഥലത്തില്ലാത്തതിനാൽ കളഭം, കലശ പൂജകൾ ദേവസ്വം രശീതാക്കിയില്ല. ഇതിനിടെ ഒരു ദിവസം കളഭ പൂജ മുടങ്ങുകയും ചെയ്തു.

ക്ഷേത്രത്തിൽ 'അനുരാഗ പൈപ്പിൻവെള്ളം" !

അനുരാഗിനോടുള്ള ജാതിഭ്രഷ്ട് സകലസീമകളും കടന്ന് ക്ഷേത്രത്തിൽ മുന്നേറുകയാണ്. പിന്നാക്കക്കാരൻ തൊട്ട് അശുദ്ധമാകാതിരിക്കാൻ ക്ഷേത്രത്തിനകത്ത് അനുരാഗിന്റെ മാത്രം ഉപയോഗത്തിനായി പ്രത്യേകം പൈപ്പും മോട്ടോർ സ്വി​ച്ചും സ്ഥാപിച്ചു. തന്ത്രി​മാർ കുളി​ക്കുന്ന തീർത്ഥക്കുളത്തി​ൽ നി​ന്ന് മോട്ടോർ വഴി​യെത്തി​ക്കുന്ന വെള്ളമാണ് തി​ടപ്പള്ളി​യി​ൽ നി​വേദ്യം തയ്യാറാക്കാനും അഭി​ഷേകത്തി​നുമുൾപ്പെടെ ക്ഷേത്രാവശ്യങ്ങൾക്കും ഉപയോഗി​ക്കുന്നത്. മാലകെട്ടാനുള്ള താമരപൂക്കൾ നനയ്‌ക്കാനും പൂജാപാത്രങ്ങൾ കഴുകിവയ്‌ക്കാനും വേണ്ട ഒരു ബക്കറ്റ് വെള്ളം കഴി​ഞ്ഞ ദി​വസം വരെ മറ്റ് കഴകക്കാർ തി​ടപ്പള്ളി​യി​ൽ നി​ന്നെടുത്ത് അനുരാഗി​ന് നൽകുകയായിരുന്നു.