കൊച്ചി: കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി കുസാറ്റിലെ ആറ് ശാസ്ത്രജ്ഞർ. സിൻഡിക്കേറ്റ് അംഗവും ടെക്‌നോളജിയുടെ ഡീനുമായ ഡോ.പി.എസ്. ശ്രീജിത്ത്, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പ് മേധാവി ഡോ. പ്രശാന്ത് രാഘവൻ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജ്, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പ് എമെറിറ്റസ് പ്രൊഫസർ ഡോ.സി.പി. രഘുനാഥൻ നായർ, ബയോടെക്നോളജി വകുപ്പ് എമിരിറ്റസ് പ്രൊഫസർ ഡോ.എം. ചന്ദ്രശേഖരൻ, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പിലെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോയായിരുന്ന ദീപു ഗോപകുമാർ എന്നിവരാണ് കുസാറ്റിന് അഭിമാനമായത്.
2021 മുതൽ ആഗോള റാങ്കിംഗിൽ തുടർച്ചയായി നേട്ടം കൈവരിക്കുന്നയാളാണ് സ്‌കൂൾ ഒഫ് എൻജിനീയറിംഗിലെയും കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ് കുട്ടനാട്ടിലെയും മുൻ പ്രിൻസിപ്പലായ ഡോ. ശ്രീജിത്ത്.
ഐ.എസ്.ആർ.ഒ.യിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.പി. രഘുനാഥൻ നായർ 2016ൽ വിരമിക്കുന്നതുവരെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പോളിമർ നാനോകോമ്പോസിറ്റുകളും വെള്ളം ശുദ്ധീകരണ സാങ്കേതികവിദ്യകളും സംബന്ധിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനാണ് ഡോ. ദീപു എ. ഗോപകുമാർ.
മറൈൻ മൈക്രോബയോളജി - ബയോടെക്‌നോളജി മേഖലയിൽ ആഗോള അംഗീകാരം നേടിയ ശാസ്ത്രജ്ഞനും അദ്ധ്യാപകനുമാണ് പ്രൊഫ.എം. ചന്ദ്രശേഖരൻ. കുസാറ്റിലെ ബയോടെക്‌നോളജി വിഭാഗം സ്ഥാപക തലവനും, കിംഗ് സൗദ് സർവകലാശാലയിലെ (സൗദി അറേബ്യ) പ്രൊഫസറുമായിരുന്നു.
തിൻ ഫിലിം, നാനോമെറ്റീരിയൽസ് ആൻഡ് ട്രാൻസ്‌പെരന്റ് ആൻഡ് ഫ്‌ളക്‌സിബിൾ ഇലക്ട്രോണിക്‌സ് മേഖലകളിൽ ആഗോള അംഗീകാരം നേടിയ ശാസ്ത്രജ്ഞനാണ് ഡോ.എം.കെ. ജയരാജ്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറായിരുന്നു.