കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഇന്നലെ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വിജയം. പ്രസിഡന്റായി സി.പി.എമ്മിലെ ഷിബു പടപ്പറമ്പത്തും വൈസ് പ്രസിഡന്റായി സി.പി.ഐ.യിലെ ടീന ടിനുവും വിജയിച്ചു. എട്ടിനെതിരെ ആറ് വോട്ടുകൾക്കായിരുന്നു വിജയം. കോൺഗ്രസിലെ ജിൻസി മാത്യുവും സന്ധ്യാ ജയ്സണും ആണ് യു.ഡി.എഫിന് വേണ്ടി മത്സരിച്ചത്. നേതൃത്വവുമായി ഭിന്നതയിലുള്ള കോൺഗ്രസിലെ സൗമ്യ ശശി തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
രണ്ട് വർഷമായി എൽ.ഡി.എഫും കോൺഗ്രസ് വിമതരും ചേർന്ന സഖ്യമാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇതിന് മുമ്പ് പ്രസിഡന്റായിരുന്ന സിബി മാത്യു, വൈസ് പ്രസിഡന്റായിരുന്ന ലിസി ജോളി, മെമ്പർ ഉഷ ശിവൻ എന്നിവരെ കൂറുമാറിയതിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയിരുന്നു. തുടർന്നാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അയോഗ്യരാക്കപ്പെട്ടവരുടെ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. ഇതിനാൽ ഭരണസമിതിയിലെ അംഗസംഖ്യ പതിനെട്ടിൽ നിന്ന് പതിനഞ്ചായി കുറഞ്ഞിരുന്നു. ഇതിൽ പതിനാല് പേരാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ഈ ഭരണസമിതിയുടെ ആദ്യത്തെ രണ്ടര വർഷം ഭരണം നടത്തിയത് യു.ഡി.എഫ് ആണ്. പിന്നീട് കോൺഗ്രസിലുണ്ടായ ഭിന്നതയും വിമത നീക്കവുമാണ് ഭരണം എൽ.ഡി.എഫിലേക്ക് എത്തിച്ചത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എൽ.ഡി.എഫ് സ്വീകരണം നൽകി. നെല്ലിമറ്റത്ത് ആഹ്ലാദ പ്രകടനവും ഉണ്ടായിരുന്നു. നേതാക്കളായ കെ.ഇ.ജോയി, പി.ടി.ബെന്നി, അഭിലാഷ് രാജ്, അഷ്‌കർ കരീം, പി.എച്ച്.നൗഷാദ്, ജോയി അറമ്പൻകുടി, എം.എസ്.പൗലോസ്, യാസർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.