പറവൂർ: പപ്പൻ സ്മാരക അഖില കേരള ഇന്റർ കോളേജ് വോളിബാൾ ടൂർണമെന്റ് വരാപ്പുഴ പപ്പൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. സായ് തിരുവനന്തപുരം, സെന്റ് ജോർജ് അരുവിത്തറ, ഹോളിക്രോസ് മാള, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, എസ്.എച്ച്. തേവര, സായി കോഴിക്കോട് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ടൂ‌ർണമെന്റ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. പപ്പൻ സ്പോർട്സ് അക്കാഡമി പ്രസിഡന്റ് മാത്തപ്പൻ കാനപ്പിള്ളി അദ്ധ്യക്ഷനായി. വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, അക്കാഡമി സെക്രട്ടറി കെ.എൻ. പ്രകാശൻ, ട്രഷറർ ഷൈൻ മൈക്കിൾ എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 6ന് ആലുവ സെന്റ് സേവ്യേഴ്സ് കോളേജും മൂത്തൂറ്റ് വോളിഅക്കാഡമിയും തമ്മിൽ സൗഹൃദ മത്സരം നടക്കും. 7.30നാണ് ഫൈനൽ. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് സമ്മാനദാനം നിർവഹിക്കും. മുൻ വോളിബാൾതാരം യൂസഫ് മുഖ്യാതിഥിയാകും.