നെടുമ്പാശേരി: താന്ത്രിക വൈദിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10,11,12 തീയതികളിലായി തുരുത്തിശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ അക്ഷരപൂജ മഹായജ്ഞം സംഘടിപ്പിക്കുമെന്ന് കേന്ദ്രം പ്രസിഡന്റ് എടക്കഴിപ്പുറം ശ്രീരാമൻ നമ്പൂതിരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിദേശത്ത് നിന്നും ഉൾപ്പെടെ 250ഓളം പേർ മഹായജ്ഞത്തിൽ സംബന്ധിക്കും. പത്തിന് ഉച്ചയ്ക്ക് രണ്ടിന് വെളിയത്തുനാട് തന്ത്ര വിദ്യാപീഠം പ്രിൻസിപ്പൽ പി. ബാലകൃഷ്ണ ഭട്ട്മഹായജ്ഞം ഉദ്ഘാടനം ചെയ്യും. പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മണ്ണാറശ്ശാല സുബ്രഹ്മണ്യൻ നമ്പൂതിരി, ശ്രീനിവാസൻ പോറ്റി, ഏറാഞ്ചേരി ഹരിഗോവിന്ദൻ നമ്പൂതിരി, കാളത്തിമേക്കാട്ട് പരമേശ്വരൻ നമ്പൂതിരി, പ്രകാശൻ തുരുത്തി, എം.എൻ. ബാബു എന്നിവർ സംസാരിക്കും. വൈകിട്ട് ആറിന് കാർത്തിക ദീപം തെളിക്കൽ, 7.30ന് യോഗജ്ഞാനസമന്വയം, പ്രഭാഷണം, നൃത്തയോഗ എന്നിവ നടക്കും.

11ന് രാവിലെ 8 മുതൽ 11 ഉപനിഷത്തുകളെ ആധാരാമാക്കി ചർച്ചകൾ 11 ആചാര്യൻമാർ നയിക്കും. തുടർന്ന് ഉപനിഷത് ആചാര്യ അനുമോദനം, പ്രഥമ ഗോവിന്ദ ഭഗവദ് പാദപുരസ്കാരം വെളുത്തേടത്ത് തരണനെല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാടിന് സമർപ്പിക്കും. 12ന് രാവിലെ കേരളത്തിൽ ആദ്യമായി അക്ഷര പൂജ നടക്കും. ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം നടക്കും.

താന്ത്രിക വൈദിക പഠന ഗവേഷണ കേന്ദ്രം ട്രഷറർ പ്രകാശ് വി. അത്തിമൺ, ക്ഷേത്രം രക്ഷാധികാരി പ്രകാശൻ തുരുത്തിയിൽ, അനൂപ് തുരുത്തി, ക്ഷേത്രം സെക്രട്ടറി വേണുഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.