vd

ആലുവ: ആലുവ ടൗൺഹാളിൽ നിറഞ്ഞുകവിഞ്ഞ സദസിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനസദസ്. 2016ലും 2021ലും സംസ്ഥാനത്ത് യു.ഡി.എഫിന് തിരിച്ചടി നേരിട്ടപ്പോഴും പോറലേൽക്കാതെ പിടിച്ചുനിന്ന ജില്ലയാണ് എറണാകുളമെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 14 സീറ്റിലും ജയിക്കാൻ കഴിയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലയിൽ യു.ഡി.എഫിന് പ്രതീക്ഷയില്ലാത്ത ഒരു സീറ്റ് പോലുമില്ല. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ 14 സീറ്റും നേടും. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ത്രിതല തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റിലും ജയിക്കാൻ കഴിയണം. ജില്ലയിലെ എല്ലാ നഗരസഭകളും ഇപ്പോൾ തന്നെ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. നഷ്ടമായ പഞ്ചായത്തുകളും കോർപ്പറേഷനും തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷനായി. സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. ബെന്നി ബഹന്നാൻ എം.പി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, ഘടകകക്ഷി നേതാക്കളായ അഡ്വ. എ.എൻ. രാജൻബാബു, ഷിബു തെക്കുംപുറം, മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, ഉമാ തോമസ്, ടി.ജെ വിനോദ്, കെ.പി. ധനപാലൻ, അബ്ദുൽ മുത്തലിബ്, അബ്ദുൽ ഗഫൂർ, എം.കെ.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.