കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നാഞ്ചിറവളവിൽ ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു. മണ്ണൂരിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനൽവേലി ഈസ്റ്റ് സ്ട്രീറ്റ് വണ്ണികൊണേണ്ടൽ മാലതി സെൽവിയാണ് (39) മരിച്ചത്. മകൻ ദുരൈശീലനെ (15) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.
വാഹനത്തിൽ നടന്ന് ആക്രി ശേഖരിച്ച് വിറ്റഴിക്കുന്ന കുടുംബമാണ് ഇവരുടേത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നെത്തിയ കാറാണ് എതിർദിശയിൽ വന്ന ഗുഡ്സ് ഓട്ടോയിലിടിച്ചത്. അപകടത്തെ തുടർന്ന് മാലതി സെൽവിയെ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.