ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഡി.എഫിലെ സുരേഷ് മുട്ടത്തിലിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. ഭരണപക്ഷത്തെ ഏഴ് അംഗങ്ങളും യോഗത്തിൽ നിന്ന് വിട്ടുനിന്നു. പങ്കെടുത്ത പ്രതിപക്ഷത്തെ എൽ.ഡി.എഫ് അംഗങ്ങളായ എട്ട് പേർ അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ബി.ജെ.പി അംഗങ്ങൾ പ്രസിഡന്റിന്റെ നടപടിയെ നിശിതമായി വിമർശിച്ചെങ്കിലും ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ ഭരണമാറ്റം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോപിച്ച് വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുത്ത ഒരു എസ്.ഡി.പി.ഐ അംഗം അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ടുചെയ്തു.
ഇതേതുടർന്ന് അവിശ്വാസത്തിന് അനുകൂലമായി 11 പേരുടെ പിന്തുണയില്ലാത്തതിനാൽ തള്ളുന്നതായി പ്രഖ്യാപിച്ച് റിട്ടേണിംഗ് ഓഫീസറായ ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി യോഗം പിരിച്ചുവിട്ടു. പട്ടികജാതി സംവരണ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി എം.കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇതിനിടെ പറവൂർ കോടതി ഉത്തരവ് ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തിരുന്നു. വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നും ഓണററേറിയം കൈപ്പറ്റരുതെന്നുമായിരുന്നു ഉപാധി. അതിനാൽ ഇന്നലത്തെ വോട്ടെടുപ്പ് യോഗത്തിലേക്ക് ബാബുവിനെ റിട്ടേണിംഗ് ഓഫീസർ ക്ഷണിച്ചിരുന്നില്ല. ഇരുമുന്നണികൾക്കും തുല്യസീറ്റുകളായതിനാൽ സുരേഷ് മുട്ടത്തിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്.