നവോത്ഥാന കേരളത്തിന് അപമാനം: ഡോ.അമൽ സി. രാജ്
കൊച്ചി: ഗാന്ധി ജയന്തി ദിനത്തിൽ മരട് കൊട്ടാരം ജംഗ്ഷനിൽ ഗാന്ധി സ്മരണചടങ്ങ് നടന്നത് വൻ പൊലീസ് കാവലിൽ. ഇവിടെ ഗുരുമണ്ഡപഭൂമിയിൽ എസ്.എൻ.ഡി.പി. യോഗം മരട് തെക്ക് ശാഖസംഘടിപ്പിച്ച ഗാന്ധി - ഗുരു സംവാദ ശതാബ്ദി പ്രഭാഷണ ചടങ്ങിനാണ് പ്രതിഷേധം ഭയന്ന് പൊലീസ് ബന്തവസ് വേണ്ടിവന്നത്. ഹൈവേയുടെ ഓരത്തുള്ള ഗുരു മണ്ഡപഭൂമി മാസങ്ങളായി രാവും പകലും പൊലീസ് കാവലിലാണ്.
പ്രബുദ്ധകേരളത്തിൽ ഗാന്ധിജിയെയും ഗുരുവിനെയും കുറിച്ചു സംസാരിക്കാനായി ഇടിവണ്ടി നിറയെ പൊലീസിന്റെ കാവൽ വേണ്ടിവരുമെന്ന് വിദൂര ദു:സ്വപ്നങ്ങളിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യപ്രഭാഷകനായ ഡോ. അമൽ സി. രാജ് പറഞ്ഞു. നവോത്ഥാന കേരളത്തിന് അപമാനമാണ് ഈ സംഭവമെന്നും മലയാളികളുടെ സാംസ്കാരിക പുരോഗമനം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നും ജനം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. വി.പി. ശ്രീകുമാർ, എം.ആർ. അശോകൻ, സി.കെ. ജയൻ എന്നിവർ സംസാരിച്ചു.
1946-ൽ പണവും പിടിയരിയും പിരിച്ചുണ്ടാക്കിയ 1600 രൂപക്ക് മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിനു മുന്നിൽ സ്ഥലംവാങ്ങിയതിനെ തുടർന്ന് ക്ഷേത്രഭാരവാഹികൾ നടത്തുന്ന നിയമപോരാട്ടങ്ങളെല്ലാം തന്നെ പരാജയപ്പെട്ടിട്ടും ഇപ്പോൾ കൈയ്യൂക്ക് കാണിക്കാനുള്ള ശ്രമമാണ് ഇവിടെ സംഘർഷത്തിനു കാരണമായത്.
ഭൂമി സർക്കാർ ഏറ്റെടുത്ത് ക്ഷേത്രത്തിനു നൽകണമെന്ന ഇവരുടെ ആവശ്യം സർക്കാർ ഫയലുകളിൽ അത്ഭുതകരമായ വേഗത്തിൽ മുന്നോട്ടു നീങ്ങി. 39 സെൻ്റ് ഭൂമിയിലെ 26.25 സെൻ്റും രണ്ടു വട്ടമായി ഏറ്റെടുത്തു. നടുവിലൂടെ റോഡിന് സ്ഥലമേറ്റെടുത്തു. ഇതിനായി അലൈൻമെന്റിൽ മാറ്റം വരുത്തി.
റോഡിന്റെ മറുവശത്തുള്ള ഭൂമി ഏറ്റെടുത്ത് ചെറിയ പാർക്ക് ആക്കി. അവശേഷിക്കുന്ന 13.25 സെന്റ് സ്ഥലത്തിനായി പതിറ്റാണ്ടുകൾ നടത്തിയ കേസ് കോടതി അടുത്തിടെ തള്ളി.
അതിരുകെട്ടാൻ പോലും ശാഖായോഗത്തെ അനുവദിക്കുന്നില്ല. വിധി വന്ന അന്നുമുതൽ പൊലീസ് കാവലിലാണ് ഗുരു മണ്ഡപം. ഭൂമിക്ക് നടുവിലൂടെ ക്ഷേത്രത്തിലേക്ക് വഴിവെട്ടാനാണ് ഇപ്പോൾ ശ്രമം.