മൂവാറ്റുപുഴ: മുതിർന്ന പൗരന്മാരുടെ സംഘടിത പ്രസ്ഥാനമായ മൂവാറ്റുപുഴ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സിൽവർ ജൂബിലി സമാപന സമ്മേളനം 7ന് രാവിലെ 10 ന് സീനിയർ സിറ്റിസൺസ് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഫോറം പ്രസിഡന്റ് പി.വി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണവും, സിൽവർ ജൂബിലി സ്‌മാരക ശിലാഫലകം അനാച്ഛാദനം മാത്യു കുഴൽനാടൻ എം.എൽ.എയും, സിൽവർ ജൂബിലി സ്‌മരണിക പ്രകാശനം മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസും നിർവ്വഹിക്കും. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് പി.വി. ജോസഫ്, സെക്രട്ടറി ഇൻ ചാർജ് എസ്.എൻ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ജൂബിലി ജനറൽ കൺവീനർ ഏലിയാസ് തോമസ്, ട്രഷറർ കെ. സുഗണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.