bento-kapa-

പറവൂർ: വധശ്രമം, മയക്കുമരുന്നുക്കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ മൂന്ന് പേരെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു. പുത്തൻവേലിക്കര തുരുത്തൂർ പടമാട്ടുമൽ റെഫീൻ (26), പട്ടണം ആളംതുരുത്ത് കല്ലുതറ വീട്ടിൽ വൈശാഖ് ചന്ദ്രൻ (31), ചേന്ദമംഗലം ഗോതുരുത്ത് ചേരമാൻതുരുത്തി വീട്ടിൽ ബെൻറ്റോ (26) എന്നിവരെയാണ് കാപ്പ ചുമത്തിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. നിരവധി കേസുകളിൽ പ്രതിയായ റെഫീൻ കഴിഞ്ഞ ജൂലായിൽ പുത്തൻവേലിക്കരയിലുണ്ടായ അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. വൈശാഖ് ചന്ദ്രൻ വടക്കേക്കര, മുനമ്പം പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, മയക്ക് മരുന്ന് വില്പന, തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായിൽ മയക്കുമരുന്ന് കടത്തിയ കേസിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ബെൻറ്റോ ജൂലായ് മാസം പറവൂർ മുസിരീസ് ബാറിന് സമീപത്തുവച്ച് രാഹുൽ എന്നയാളെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലാണ് കാപ്പ ചുമത്തിയത്.