മരട്: ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ബൈക്ക് കൊച്ചി മെട്രോയുടെ തൂണിലിടിച്ച് മരിച്ചു. ആലപ്പുഴ മുട്ടാർ പുത്തൻപറമ്പിൽ
സുരേഷിന്റെ മകൻ കെ.എസ്. സൂരജ് (24), തൃശൂർ പഴുവിൽ ജെപീസ് സംഗമം ഹാളിന് സമീപം വെസ്റ്റ് വള്ളൂക്കാട്ടിൽ അശോക്‌കുമാറിന്റെ മകൾ ശ്വേത അശോക് (25) എന്നിവരാണ് മരിച്ചത്.
വൈറ്റില-പേട്ട റോഡിൽ വെള്ളിയാഴ്ച രാത്രി 12.45ഓടെയായിരുന്നു അപകടം. ഇരുവരും ഫോറംമാളിൽനിന്ന് ശ്വേതയുടെ കാക്കനാട്ടെ ഫ്ലാറ്റിലേക്ക് പോവുകയായിരുന്നു. ബൈക്ക് ചമ്പക്കര മാർക്കറ്റിന് സമീപത്തെ 953-ാം നമ്പർ മെട്രോ തൂണിലേക്കാണ് ഇടിച്ചുകയറിയത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് തകർന്നു.
ഫോറംമാളിലെ ജീവനക്കാരനാണ് സൂരജ്. മാതാവ്: സിന്ധു. സഹോദരി: സൂര്യ. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.
എറണാകുളം കെ.എഫ്.സിയിൽ ഷിഫ്റ്റ്മാനേജരാണ് ശ്വേത. മാതാവ്: മിനി (അദ്ധ്യാപിക, എസ്.എൻ വിദ്യാഭവൻ, ചെന്ത്രപ്പിന്നി. സഹോദരി: സ്വാതി. സംസ്കാരം ഇന്ന് രാവിലെ 10ന്.