
ഫോർട്ട് കൊച്ചി: മഴയും വെയിലുമേൽക്കാതെ റോ റോ കാത്തിരിക്കാൻ യാത്രക്കാർക്കായി കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി നഗരസഭ. ഇതിനായി 6,70000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതായി നഗരസഭ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഭരണാനുമതിയും ടെൻഡർ നടപടിയും പൂർത്തിയായാൽ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കും. ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ഷക്കീർ അലി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വളരെക്കാലമായി യാത്രക്കാരുടെ ആവശ്യമായിരുന്നു ഒരു കാത്തിരിപ്പ് കേന്ദ്രം. എന്നാൽ, നഗരസഭ ഇതിനോട് മുഖംതിരിച്ച് നിൽക്കുകയായിരുന്നു. ഫോർട്ടുകൊച്ചി റോ റോ ജെട്ടിയിൽ യാത്രക്കാർക്ക് കാത്തിരിപ്പ് കേന്ദ്രം തയ്യാറാക്കണമെന്ന് ജൂൺ ഒന്നിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, നഗരസഭ താത്കാലിക സംവിധാനം ഒരുക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ഇത് വെറും പേരിന് മാത്രമായി ഒതുങ്ങി. റോ റോ വെസ്സലുകളിലെയും ഇരുകരകളിലെയും ജെട്ടികളിലെയും യാത്രക്കാർ വെയിലും മഴയുമേറ്റ് കാത്തിരിക്കേണ്ട ഗതികേടുമായി. അടച്ചുപൂട്ടിയ ചെയ്ത പഴയ ജെട്ടിക്ക് സമീപം ഒരു കോടി രൂപ ചിലവഴിച്ച് ഫ്‌ളോട്ടിംഗ് ജെട്ടി നിർമാണവും ആരംഭിച്ചിരുന്നു.
റോ റോ സർവ്വീസ് ചുമതലയുള്ള 'കിൻക്കോ' ഫോർട്ടുകൊച്ചി വൈപ്പിൻ ബോട്ട് സർവ്വീസ് 2022 മുതൽ നിർത്തലാക്കി. 2016ൽ ഉദ്ഘാടനം ചെയ്ത് 2018ൽ സർവ്വീസ് തുടങ്ങിയ റോ റോ സർവ്വീ സ് ആറ് വർഷം പിന്നിട്ടിട്ടും യാത്രക്കാർക്കായി വിശ്രമ കേന്ദ്രമടക്കം യാതൊരു വിധ സംവിധാനവുമൊരുക്കിയിട്ടില്ല. ഇതിനകം രണ്ടു ഘട്ടങ്ങളിലായി നിരക്ക് വർദ്ധന നടത്തിയിട്ടുണ്ട്.
പകൽ തണലില്ല, രാത്രിയിൽ വെട്ടവുമില്ല
സ്‌കൂൾ വിദ്യാർത്ഥികൾ, ഓഫീസ് ജീവനക്കാർ , വിവിധ ആവശ്യങ്ങൾക്കായി ഇരു കരകളിലേയ്ക്കും യാത്ര ചെയ്യുന്ന ജനങ്ങളടക്കം പ്രതിദിനം ആയിരങ്ങളാണ് റോ റോ ഫെറിയിലൂടെ യാത്ര നടത്തുന്നത്. ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയൊരുക്കുന്നതിൽ കൊച്ചി നഗരസഭാധികൃതരും കിൻകോയും നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് യാത്രക്കാരും ജനകീയ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
റോ റോ സർവീസ് ഇടവേളകളിൽ മഴയും വെയിലുമേറ്റ് നിൽക്കേണ്ട അവസ്ഥ
സന്ധ്യ മയങ്ങുന്നതോടെ വെളിച്ചമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു