stegin
സ്റ്റെജിൻ

* സംഭവം എറണാകുളം നഗരത്തിൽ


കൊച്ചി: എറണാകുളം നഗരത്തിൽ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ഭർത്താവിനെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു, നിരവധി ക്രിമിനൽ കേസുകളിലെ പ്രതി തൃശൂർ കോടന്നൂർ ചിറപ്പാടം ആലപ്പാടൻ വീട്ടിൽ സ്റ്റെജിൻ സ്റ്റാൻലിയാണ് (24) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

എം.ജി റോഡിൽ പള്ളിമുക്കിൽ കഴിഞ്ഞദിവസം വൈകിട്ട് 6.45നായിരുന്നു സംഭവം. യുവതിയോട് അപമര്യാദയായി പെരുമാറുകയും സംസാരിക്കുകയും ചെയ്ത സ്റ്റെജിനെ ഭർത്താവ് ചോദ്യം ചെയ്തപ്പോഴാണ് അക്രമാസക്തനായി കൈകൊണ്ട് അടിച്ചത്. തു‌ടർന്ന് ഇരുമ്പ് വടി ഉയർത്തി ഇരുവരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചപ്പോഴും പ്രതി അക്രമാസക്തനായി. തൃശൂർ ഈസ്റ്റ്, വിയ്യൂർ, ചേർപ്പ്, എടക്കാട്, നെടുപുഴ സ്റ്റേഷനുകളിൽ മോഷണം, വധശ്രമം, അടിപിടി കേസുകളിലെ പ്രതിയാണ്. മോഷണത്തിനായി കൊച്ചിയിലെത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.