നഗരസഭയുടെ കൈയേറ്റം ശ്രദ്ധയിൽപ്പെടുത്തി
ആലുവ: യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി ആലുവ അദ്വൈതാശ്രമം സന്ദർശിച്ചു. കോൺഗ്രസ് ഭരിക്കുന്ന ആലുവ നഗരസഭയിലെ ചിലർ ആശ്രമ ഭൂമി കൈവശപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾ സംബന്ധിച്ച് അടൂർ പ്രകാശുമായി ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈത്യ സംസാരിച്ചു.
ഭൂമി ആശ്രമത്തിന്റേതാണെന്ന് വ്യക്തമാക്കുന്ന രേഖകളും സ്വാമി ബോധ്യപ്പെടുത്തി. ഗുരുദേവൻ സ്ഥലം വാങ്ങിയപ്പോഴുള്ള ആധാരം, അതിർത്തി സൂചിപ്പിക്കുന്ന രേഖകൾ, 2024 വരെ കരം തീർത്ത രസീതുകൾ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് നിയമാവലിയിലെ 74 -ാം ഖണ്ഡികയിൽ ട്രസ്റ്റ് ഭൂമി കൈമാറാനോ പണയപ്പെടുത്താനോ ട്രസ്റ്റ് ജനറൽ ബോഡിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് വ്യക്തമാക്കുന്ന രേഖകൾ എന്നിവയും അടൂർ പ്രകാശിനെ കാണിച്ചു. നീതിപൂർവകമായ തീരുമാനം എടുക്കാൻ നഗരസഭയോട് ആവശ്യപ്പെടുമെന്ന് അടൂർ പ്രകാശ് സ്വാമിക്ക് ഉറപ്പ് നൽകി.